കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ജില്ല
1389654
Thursday, February 1, 2024 5:37 AM IST
കോട്ടയം: കേന്ദ്ര ബജറ്റിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയുടെ വികസനത്തിനു മാറ്റുകൂടുമോയെന്നാണു ഏവരും ഉറ്റുനോക്കുന്നത്. റബറിനു കൈത്താങ്ങ്, റെയില്‍ റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകള്‍ എന്നിവയ്ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുമോയെന്നാണ് അറിയേണ്ടത്.
മുന്‍ ബജറ്റുകളില്‍ ജില്ലയ്ക്ക് അവഗണന മാത്രമാണ് ലഭിച്ചത്. റബര്‍ ബോര്‍ഡ് വേണ്ടെന്നാണ് നീതി ആയോഗിന്റെ നിലപാട്. ഇതോടെ ഭാവി തുലാസിലായ ബോര്‍ഡിനും ബജറ്റ് നിര്‍ണായകമാണ്. കിതയ്ക്കുന്ന റബര്വിപണിയെ ഉത്തേജിപ്പിക്കാന്‍ എന്തുണ്ടാകുമെന്നതും പ്രധാനമാണ്.
ബോര്‍ഡിനു കിട്ടുന്ന പതിവ് വിഹിതമല്ലാതെ മേഖലയ്ക്കായി പ്രത്യേകിച്ചൊന്നും കേന്ദ്രം നല്‍കാറില്ല. ഇറക്കുമതി കുറയ്ക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുകയും ചെയ്താല്‍ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം.
ജില്ലയില്‍ ഉള്‍പ്പെടുന്ന കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ റബര്‍ നിര്‍ണായക ഘടകമായതിനാല്‍ ഈ മേഖലയ്ക്കു കരുത്തു പകരുന്ന തീരുമാനം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണു കര്‍ഷകര്‍.
പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന റബര്‍ ബോര്‍ഡിനു കൂടുതല്‍ കൈത്താങ്ങുണ്ടാകുമോ, അതോ, ഉയരുന്ന ആരോപണങ്ങള്‍ പോലെ ബോര്‍ഡിനെ വടക്കുകിഴക്കന്‍ മേഖലയിലേക്കു പറിച്ചുനടാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രഖ്യാപനങ്ങളാണോ ഉണ്ടാകുകയെന്ന ആശങ്കയും നിലനില്ക്കുന്നു. വിലസ്ഥിരതാ പദ്ധതിയില്‍ ഉള്‍പ്പെടെ കൂടുതല്‍ കേന്ദ്രസഹായം കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.
കോട്ടയത്തെ റെയില്‍വേ വികസനത്തിനു ചിറകേകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതിനാല്‍ കോട്ടയം വഴി പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാനും സാധ്യതയേറെ. ശബരി പാത യാഥാര്‍ഥ്യമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കെകെ റോഡ് ഉള്‍പ്പെടുന്ന എന്‍എച്ച് 183ന്റെ വികസനത്തിനുള്ള കൈത്താങ്ങും പ്രതീക്ഷിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നൈപുണ്യ വികസന വിദ്യാഭ്യാസശാലകളും കോട്ടയത്തിന് ആവശ്യമുണ്ട്. വലവൂരിലെ ഐഐഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, കുറവിലങ്ങാട് സയന്‍സ് സിറ്റി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങം എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്.
ഐഐഐടിയുടെ വിപുലീകരണമുള്‍പ്പെടെയുള്ള വിപുലമായ സാധ്യതകള്‍ കേന്ദ്രം പരിഗണിക്കണം. സയന്‍സിറ്റി കോടികള്‍ മുടക്കി പാതി വഴിയില്‍ നിലച്ച അവസ്ഥയിലാണ്.
കുമരകവും മറവന്തുരുത്തുമടക്കം രാജ്യാന്തര ശ്രദ്ധ നേടിയ വിനോദ സഞ്ചാരമേഖലയ്ക്കു കേന്ദ്രം അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിസഭയിലുണ്ടായിരുന്നപ്പോള്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു തുക അനുവദിച്ചെങ്കിലും പിന്നീടെല്ലാം ആവിയായി. ശബരി എയര്‍പോര്‍ട്ട് വികസനത്തിന് ഉതകുന്ന പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.