റബറിന് താങ്ങുവില 250 രൂപയാക്കണം: സജീവ് ജോസഫ്
1512903
Tuesday, February 11, 2025 1:22 AM IST
നടുവിൽ: റബറിന്റെ താങ്ങുവില അടിയന്തരമായി 250 രൂപയാക്കി ഉയര്‍ത്തണമെന്ന് സജീവ് ജോസഫ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ആത്മഹത്യാ പ്രേരണാ കുറിപ്പാണ് സംസ്ഥാന ബജറ്റെന്ന് അദ്ദേഹം ബജറ്റിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
റബര്‍ കര്‍ഷകര്‍ പട്ടിണി സമരം നടത്തേണ്ട ഗതികേടിലാണ് എത്തിയിരിക്കുന്നത്. റബർ എന്ന വാക്ക് പോലും പറയാതെ ധനമന്ത്രി കര്‍ഷകരേയും കുടുംബങ്ങളേയും അപമാനിക്കുകയാണ് ചെയ്തത്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണെന്നത് പരിഗണിച്ച് കര്‍ഷകരെ ശാക്തീകരിക്കുന്നതിനുപകരം അവരുടെ പോരാട്ടങ്ങളെ അവഗണിക്കുകയാണ് സർക്കാർ.
റബറിനും കശുമാവിനും നെല്ലിനും ന്യായമായ വില ഉറപ്പാക്കാനോ വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനോ ബജറ്റ് ഒന്നും ചെയ്തിട്ടില്ല. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലെങ്കിലും ധനമന്ത്രിയും മുഖ്യമന്ത്രിയും കാര്‍ഷിക മേഖലയെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സജീവ് ജോസഫ് പറഞ്ഞു.
കര്‍ഷക തൊഴിലാളികള്‍ക്കും മലയോരത്തെ പട്ടിണിപ്പാവങ്ങള്‍ക്കും ക്ഷേമപെൻഷൻ വിതരണത്തില്‍ പ്രത്യേക പരിഗണന നല്‍കണം. പെന്ഷന്2500 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം മറന്ന് പോകരുതെന്നും എംഎല്‍എ ഓർമിപ്പിച്ചു. മലയോര മേഖലയായ ഇരിക്കൂര്‍ മണ്ഡലത്തിലെ പാലങ്ങളുടെ പുനര്‍നിർമാണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണം.
കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ് മിക്ക പാലങ്ങളും. നിരവധി പാലങ്ങള്‍ക്ക് ബജറ്റിൽ മുൻഗണന നിശ്ചയിച്ച് നൽകാറുണ്ടെങ്കിലും തുക അനുവദിച്ചിട്ടില്ല. പാലക്കയംതട്ട്, പൈതല്‍മല, കാഞ്ഞിരക്കൊല്ലി, കാപ്പിമല ടൂറിസം വികസനത്തിന് തുക അനുവദിക്കണമെന്നും സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.