കുരങ്ങുഭീതിയിൽ തേരണ്ടി നിവാസികൾ
1512615
Monday, February 10, 2025 1:37 AM IST
ചപ്പാരപ്പടവ്: കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ ഭയന്ന് ജോലിക്ക് പോകാൻ പോലും കഴിയാതെ കൃഷിയിടങ്ങളിൽ കാവലിരിക്കേണ്ട സ്ഥിതിയിലാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ തേരണ്ടി നിവാസികൾ. പടപ്പേങ്ങാട്,ചെമ്മണിച്ചൂട്ട , കായാട്ട്പാറ, മടക്കാട് പ്രദേശങ്ങളിൽ പുലരുമ്പോൾ മുതൽ ഇരുട്ടുന്നതുവരെ കുരങ്ങുകളുടെ വിളയാട്ടമാണ്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി വിളകളാണ് ഏതാനം മാസങ്ങൾക്കിടെ മാത്രം നശിപ്പിക്കപ്പെട്ടത്. കുരങ്ങ് ശല്യം കാരണം പ്രദേശത്ത് ആരും വീടും പറമ്പും വാങ്ങാൻ പോലും തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മച്ചിങ്ങകളില്ലാതെ
തെങ്ങുകൾ
പ്രദേശത്തെ തെങ്ങിൻ തോട്ടങ്ങളാണ് കുരങ്ങുകളുടെ പ്രധാന താവളം. ഭൂരിഭാഗം തെങ്ങുകളിലും മച്ചിങ്ങകൾ കാണാനില്ല. കുരങ്ങന്മാർ പറിച്ചെറിയുന്ന കരിക്കുകളാണ് തെങ്ങുകൾക്കു ചുറ്റും. പപ്പായ, വാഴക്കുല, പുളി, പേരയ്ക്ക, കൈതച്ചക്ക, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ചേന, ചേമ്പ് തുടങ്ങി ഒട്ടുമിക്ക കൃഷിവിളകളും ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. ചിരട്ടകളും പാലും നശിപ്പിക്കുന്നത് കാരണം റബർ കർഷകരും ദുരിതത്തിലാണ്.
വാഹനങ്ങൾക്ക് നേരെയും ആക്രമണം
വീട്ടുമുറ്റത്തും റോഡരികിലും നിർത്തിയിടുന്ന വാഹനങ്ങളുടെ കണ്ണാടികൾ തകർക്കുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. പോർച്ചിൽ പോലും വാഹനങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുടി വയ്ക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വീടിനുള്ളിൽ കയറി ഭക്ഷണം നശിപ്പിക്കുകയും പാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നതും നിത്യസംഭവമാണ്.
കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നതു കാരണം പലരും ഭീതിയിലാണ്. പ്രദേശത്തെ വിദ്യാർഥികൾ ഭീതിയോടെയാണ് സ്കൂളിൽ പോയി വരുന്നത്.
നാട്ടുകാർ പ്രതിഷേധത്തിൽ
അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവമാണ് ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.