സീഡ് സൊസൈറ്റി തട്ടിപ്പ്: ഏരുവേശി പഞ്ചായത്തിൽ നൂറിലേറെ പരാതികൾ
1511849
Friday, February 7, 2025 1:17 AM IST
ചെമ്പേരി: സീഡ് സൊസൈറ്റിയുടെ പകുതിവില വാഗ്ദാനത്തിൽ വൻ തുകകളുടെ തട്ടിപ്പിനിരയായ ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ നൂറിൽ പരം വനിതകൾ കുടിയാന്മല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തയ്യൽ മെഷീൻ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കായി 13,000 മുതൽ അറുപതിനായിരം രൂപ വരെയാണ് ഇവർ സൊസൈറ്റി പ്രമോട്ടർമാർ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നത്.
സൊസൈറ്റിയുടെ അംഗത്വ ഫീസായി ഓരോരുത്തരിൽ നിന്ന് 320 രൂപ വീതം ആദ്യം തന്നെ വാങ്ങിയത് കൂടാതെ നോട്ടറി വക്കീൽ മുഖേന വ്യക്തിഗത രേഖകളും 500 രൂപ വീതവും കൈവശപ്പെടു ത്തിയിരുന്നു. ഏരുവേശി പഞ്ചായത്ത് പരിധിയിലെ സീഡ് സൊസൈറ്റി കോ -ഓർഡിനേറ്ററായി സിൽന സുഭാഷും പ്രമോട്ടർമാരായി വിഷ്ണു, അസ് ലഹ, ശ്രുതി, റഹ്മത്ത് എന്നിവരുമാണ് പ്രവർത്തിച്ചിരുന്നത്.
പദ്ധതിയുടെ പ്രമോഷൻ പരിപാടികളിൽ എംഎൽഎ, നഗരസഭ-പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നതിനാൽ സംശയിക്കേണ്ട സാഹചര്യ മില്ലെന്ന ബോധ്യത്തിലാണ് ഇത്രയധികം വനിതകൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി മുൻകൂർ പണം നൽകാൻ തയാറായതെന്ന് പരാതി നൽകിയവർ പറഞ്ഞു.