മലബാർ റിവർ ക്രൂയിസ് പദ്ധതി അവസാനഘട്ടത്തിൽ
1512900
Tuesday, February 11, 2025 1:22 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: മലബാർ റിവർ ക്രൂയിസ് പദ്ധതിയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ബോട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയാക്കി ഡിടിപിസിക്ക് കൈമാറി. പ്രവർത്തിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഡിടിപിസി ആരംഭിച്ചു. എപ്പോൾ പ്രവർത്തനം തുടങ്ങണമെന്ന് തീരുമാനിക്കേണ്ടത് ഡിടിപിസിയാണ്. 80 കോടി രൂപയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തികരിച്ചത്. 14 ടെർമിനലുകൾ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് നിർമിച്ചത്. ഇവയിൽ മൂന്നെണ്ണം കാസർഗോട്ടാണ്. മറ്റുള്ളവയുടെ തുക അനുവദിച്ചത് കേന്ദ്ര സർക്കാരിന്റെ സ്വദേശി സദർശൻ പദ്ധതി പ്രകാരമാണ് പദ്ധതി പൂർത്തികരിച്ചത്.
ഓരോ ടെർമിനലിന്റെയും നിർമാണത്തിന് വ്യത്യസ്ത തുകയാണ് അനുവദിച്ചത്. ഇത് ഒന്നുമുതൽ അഞ്ച് കോടി രൂപ വരെയുണ്ടായിരുന്നു. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് ബോട്ട് ടെർമിനലുകളോടുചേർന്ന് പാർക്കിംഗ്, ഭക്ഷണശാല സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. മാർച്ചോടുകൂടി പദ്ധതി പ്രവർത്തനസജ്ജമാകുമെന്നാണ് അധികൃതർ പറയുന്നത്.
മമ്പറം, പാറപ്രം, ധർമടം, പറശിനിക്കടവ്, മോന്താൽ, ന്യൂമാഹി, ചേരിക്കൽ, കവ്വായി, പുന്നക്കടവ്, മുനമ്പക്കടവ് -ഒന്ന്, മുനമ്പക്കടവ് -രണ്ട്, കുപ്പം, കക്കടവ്, പാത്തിക്കൽ, കരിയാട്, പെരിങ്ങത്തൂർ, ചെറുകുന്ന്, പട്ടുവം, മംഗലശേരി, അഴീക്കൽ ബോട്ടുപാലം, വളപട്ടണം, തെക്കുമ്പാട്, മാട്ടൂൽ നോർത്ത്, വാടിക്കൽ, മുട്ടിൽ, താവം തുടങ്ങി കണ്ണൂർ ജില്ലയിലെ എല്ലാ ടെർമിനലുകളും പണി പൂർത്തിയായി. കാസർഗോട്ടെ ടെർമിനലുകളും പൂർത്തിയായി.
പദ്ധതി എട്ട് പുഴകളിൽ
കണ്ണൂരിലെയും കാസർഗോട്ടെയും പുഴകളെയും കായലുകളെയും ഉൾപ്പെടുത്തി ടൂറിസം വകുപ്പ് വിഭാവനംചെയ്യുന്ന പദ്ധതിയാണ് മലബാർ റിവർ ക്രൂയിസ്. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ പുഴകളും കാസർഗോട്ടെ തേജസ്വിനി, ചന്ദ്രഗിരി പുഴകളും വലിയപറമ്പ് കായലും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി.
വിവിധ ഇടങ്ങളിലേക്ക് യാത്രികരെ കൊണ്ടുപോകുന്ന ക്രൂയിസ് ബോട്ടുകളും ജലമാർഗവും കണ്ടെത്തി രൂപകല്പനചെയ്ത് പ്രവർത്തനസജ്ജമാക്കി.15 ക്രൂയിസ് ബോട്ടുകൾ, 10 സ്പീഡ് ബോട്ടുകൾ, നാല് സുരക്ഷാ ബോട്ടുകൾ,
കടലിൽ പോകാവുന്ന രണ്ട് ബോട്ടുകൾ, നാല് ഫ്ളോട്ടിംഗ് മാർക്കറ്റുകൾ, രണ്ട് ഫ്ളോട്ടിംഗ് ഭക്ഷണശാലകൾ, ജലകായിക ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ മുതലായവ ഉൾപ്പെട്ടതാണ് ഈ പദ്ധതി.