പ്രഥമ ഇ. അഹമ്മദ് മെമ്മോറിയൽ രാഷ്ട്രനന്മ പുരസ്കാരം കെ.സി. വേണുഗോപാലിന്
1511846
Friday, February 7, 2025 1:17 AM IST
കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ഇ. അഹമ്മദ് ഫൗണ്ടേഷന്റെ പ്രഥമ ഇ. അഹമ്മദ് മെമ്മോറിയൽ രാഷ്ട്രനന്മ പുരസ്കാരം എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന് സമ്മാനിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.കെ. മുനീർ എംഎൽഎ., പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുൽറഹ്മാൻ കല്ലായി, അബ്ദുൽ കരിം ചേലേരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണം പിന്നീട് നടക്കും. രാഷ്ട്രനന്മ ലക്ഷ്യമാക്കി മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും ഊന്നൽ നൽകി മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കാണ് ഇ. അഹമ്മദിന്റെ നാമധേയത്തിൽ പുരസ്കാരം ഏർപ്പെടുത്തിയതെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി പുരസ്കാര പ്രഖ്യാപനം നിർവഹിച്ച് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിലും ഫാസിസത്തിനെതിരെയുള്ള മുൻനിര പോരാളിയുമെന്നതിനാലാണ് കെ.സി. വേണുഗോപാലിനെ പ്രഥമ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.