ഭൂനികുതി വര്‍ധിപ്പിച്ച് കര്‍ഷകരെ ഇല്ലാതാക്കാന്‍ സര്‍ക്കാർ ശ്രമിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
1512286
Sunday, February 9, 2025 1:50 AM IST
ചെമ്പേരി: ഉദ്യോഗസ്ഥരുടെ ശന്പള നിരക്ക് വര്‍ധിപ്പിക്കാന്‍ ചോരനീരാക്കി പാടത്തും പറമ്പിലും പണിയെടുത്ത് അന്നം വിളമ്പുന്ന കര്‍ഷകന്റെ ഭൂനികുതി ഉയര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണെന്നും വരും ദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക പരിസരത്ത് പ്രത്യേകം തയാറാക്കിയ നിധിരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
കര്‍ഷകരുടെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ വലിയ ആദായമായാണ് മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്. ഭൂനികുതി വര്‍ധിപ്പിച്ച് സര്‍ക്കാരും വന്യമൃഗങ്ങളുമായി വനംവകുപ്പും കര്‍ഷകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരല്ലെന്നും ആര്‍ക്കും തെരുവില്‍ വച്ച് കൊട്ടാനുള്ള ചെണ്ടയല്ല കത്തോലിക്കരെന്നുമുള്ളതിന്റെ ഓര്‍മപ്പെടുത്തലായാണ് കാസര്‍ഗോഡ് മുതല്‍ കണ്ണൂര്‍ വരെയുള്ള അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആയിരക്കണക്കിന് പ്രതിനിധികള്‍ ചെമ്പേരിയിൽ ഒത്തുചേര്‍ന്നത്.
ചെറിയ പ്രതിസന്ധികള്‍ സഭ നേരിടുന്നുണ്ടെന്നുവച്ച് ഈ അവസരം മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം സഭയെ അങ്ങ് നശിപ്പിച്ചുകളയാമെന്ന് കരുതിയാല്‍ സഭ അത് അനുവദിച്ച് തരില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ കത്തോലിക്കാ സമുദായമെടുക്കുന്ന നിലപാടുകള്‍ക്കുള്ള സൂചനയുടെ ആദ്യപടിയാണ് ഈ നേതൃസംഗമമെന്നും സമുദായത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്നവരെ സഭയും സമൂഹവും നിരാകരിക്കുമെന്നും കത്തോലിക്കാ സമുദായത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, അതിരൂപത സെക്രട്ടറി ടോമി കണിയാങ്കല്‍, വൈസ് പ്രസിഡന്റ് ഐ.സി.മേരി എന്നിവര്‍ ക്ലാസെടുത്തു.
വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി, ചാന്‍സിലര്‍ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, റവ. ഡോ.ജോസഫ് കാക്കരമറ്റത്തില്‍, ചെ ന്പേരി ബസിലിക്ക റെക്ടര്‍ റവ.ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട്, കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി ജിമ്മി അയിത്തമറ്റം,
ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കല്‍, ഗ്ലോബല്‍ ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ.പി.സാജു, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ജോണി വടക്കേക്കകര, ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍, ഗ്ലോബല്‍ സെക്രട്ടറി ഷീജ കാറുകളം, സെക്രട്ടറി ജേക്കബ് നിക്കോളാസ്, റോസ് ജെയിംസ്, പീയൂസ് പറേടം, ഫൊറോന ഡയറക്ടര്‍ ഫാ. പോള്‍ വള്ളോപ്പള്ളി, ചെമ്പേരി ഫൊറോന പ്രസിഡന്റ് ബിജു മണ്ഡപത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.