കാട്ടാന വീടിന്റെ വാതിൽ തകർത്തു; വയോധിക ദമ്പതികൾ ഭയന്നുവിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ
1512183
Saturday, February 8, 2025 1:35 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖയിൽ വീടുകൾക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം തുടരുന്നു. പത്താം ബ്ലോക്കിലെ ഷൈല - കൃഷ്ണൻ ദമ്പതികളുടെ വീടിന്റെ വാതിൽ കഴിഞ്ഞ ദിവസം കാട്ടാന തകർത്തു. പുലർച്ചെ മൂന്നിനായിരുന്നു സംഭവം. പത്താം ബ്ലോക്കിലെ ഫ്ലോട്ട് നമ്പർ 685 വീടിന് നേരെയായിരുന്നു കാട്ടാനയുടെ കലി. മുറ്റത്തു നിന്നിരുന്ന കവുങ്ങ് തകർത്ത ശേഷമായിരുന്നു ആന വീടിന് നേരെ തിരിഞ്ഞത്.
ഈ സമയം ഷൈലയും കൃഷ്ണനും വീട്ടിനുള്ളതിൽ ഉറക്കത്തിലായിരുന്നു. വീടിന് സമീപത്തുനിന്നും ശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഇരുവരും ജനലിലൂടെ നോക്കുമ്പോഴാണ് തുമ്പികൈകൊണ്ട് കാട്ടാന വീടിന്റെ വാതിൽ തകർക്കുന്നത് കാണുന്നത്. ഉടൻതന്നെ ആനയുടെ ശ്രദ്ധയിൽപ്പെടാതെ രണ്ടുപേരും മറ്റൊരു മുറിയിലേക്ക് ഓടി മാറിയതുകൊണ്ട് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഭയന്നുവിറച്ച വൃദ്ധ ദമ്പതികൾ വെളിയിൽ ഇറങ്ങാൻ കഴിയാതെ വീട്ടിനുള്ളിൽതന്നെ കഴിച്ചുകൂട്ടിയത് മണിക്കൂറുകളാണ്. ഫോൺ ഉപയോഗിക്കാൻ അറിയാത്ത ഇവർ സഹായത്തിനായി അയാൾ ആരെയും വിവരം അറിയിക്കാൻ കഴിയാതെ മുറിക്കുള്ളിൽ തന്നെ മണിക്കൂറുകൾ കഴിച്ചുകൂട്ടുകയായിരുന്നു. നേരം പുലർന്ന ശേഷം സമീപത്തെങ്ങും ആനയിലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സമീപവാസികളോട് സംഭവം പറയുന്നത്.