അലക്സ്നഗർ-ഐച്ചേരി റോഡ് തകർന്നു; യാത്ര അതീവ ദുഷ്കരം
1512902
Tuesday, February 11, 2025 1:22 AM IST
അലക്സ്നഗർ: അലക്സ്നഗർ-ഐച്ചേരി റോഡ് തകർന്നു. എട്ടു വർഷമായി അറ്റകുറ്റപണി നടന്നിട്ടില്ലാത്ത റോഡിനു വേണ്ടി നിരവധി തവണ അപേക്ഷകൾ നൽകിയിരുന്നു. കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ് റോഡ്.
ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അലക്സ് നഗർ പാലം നിർമാണത്തിന്റെ ആദ്യ ടെൻഡറിൽ ഈ റോഡിന്റെ വികസനത്തിനും കൂടിയാണ് 10.10 കോടി രൂപ 2016-ൽ വകയിരുത്തിയിരുന്നത്. 5.50 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാറുകാരന്റെ അനാസ്ഥമൂലം പാലം പണി നിലക്കുകയും 2019-ൽ പാലത്തിന്റെ ഉയരം വർധിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ടെൻഡർ വിളിക്കുകയുംചെയ്തു. പുതിയ ടെൻഡറിൽ റോഡ് നിർമാണം ഒഴിവാക്കി പാലം നിർമാണം മാത്രമാക്കി ചുരുക്കി. പാലം നിർമാണത്തിന് 5.84 കോടി രൂപയാണ് വകയിരുത്തിയത്.
നിലവിൽ ഈ റോഡിനുവേണ്ടി 4.15 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കാനുണ്ട്. ഇതിനിടെയാണ് സജീവ് ജോസഫ് എംഎൽഎയും ശ്രീകണ്ഠപുരം നഗരസഭയും റോഡിനുവേണ്ടി തുക അനുവദിച്ചിരുന്നു.
അനുവദിച്ചതിൽ 10ലക്ഷം രൂപക്ക് ഐച്ചേരി മുതൽ മാപ്പിനി വരെ ടാറിംഗ് നടത്തി. എന്നാൽ പാലം വരെയുള്ള ഭാഗം പൂർണമായും തകർന്ന് കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനങ്ങാപ്പാറ നയമാണ് റോഡിന്റെ ശോചനീയാവസ്ഥയക്ക് കാരണമെന്നാണ് ആരോപണം.