ഇരിക്കൂറിലെ എടിഎം കവര്‍ച്ചാശ്രമം: ആസാം സ്വദേശി അറസ്റ്റിൽ
1512298
Sunday, February 9, 2025 1:50 AM IST
ഇരിക്കൂര്‍: ഇരിക്കൂർ ടൗണ്‍ മധ്യത്തിലെ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം നടത്തിയ ആസാം സ്വദേശി അറസ്റ്റിൽ. ആസാം സൽമാറ വില്ലേജിലെ സൈദുൾ ഇസ്ലാം(22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിക്കൂര്‍ പോലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ മോഷണശ്രമം നടത്തിയത്. പുലര്‍ച്ചെ 12:30 ന് മോഷണ ശ്രമത്തിനിടെ പോലീസ് എത്തിയതോടെ പ്രതി എടിഎം കൗണ്ടറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എടിഎം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാങ്കിന്റെ ഡല്‍ഹി ഓഫീസില്‍ അപായ സൂചന ലഭിച്ചു. അവിടെ നിന്ന് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് കുതിച്ചെത്തുമ്പോഴേയ്ക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചിരുന്നു. മോഷണശ്രമത്തിന് തലേദിവസം എടിഎം നിരീക്ഷിച്ചു പോകുന്ന ഒരാളെ തിരിച്ചറിയുകയും വ്യക്തമായ ഫോട്ടോ ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവാ യത്. ഈ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കല്യാടുള്ള ഒരു കടക്കാരൻ സൈദുൾ ഇസ്ലാമിനെ തിരിച്ചറിഞ്ഞത്. ഇയാൾ ചെങ്കൽ തൊഴിലാളിയാണ്.
തെളിവെടുപ്പിന് ശേഷം ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ രാജേഷ് ആയോടൻ എസ്ഐ ,ഷിബു എഫ്. പോൾ, എഎസ്ഐ, കെ. വി. പ്രഭാകരൻ, ടി.വി. രജിത്ത് കുമാർ, കെ.കെ. ജയദേവൻ, സിജോയ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.