മോർച്ചറിയിൽ രണ്ടാം ജന്മമെടുത്ത പവിത്രൻ ഓർമയായി
1512897
Tuesday, February 11, 2025 1:22 AM IST
കൂത്തുപറമ്പ്: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയ പവിത്രനെ ഒടുവിൽ മരണം തട്ടിയെടുത്തു. പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ മരിച്ചത്.
സംസ്കാരം ഇന്ന് ഒന്പതിന് പന്തക്കപ്പാറ പ്രശാന്തിയിൽ. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന പവിത്രനെ പത്തുമിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച് ഡോക്ടർമാർ മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് ജനുവരി 13നാണ് ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്കയച്ചത്. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു. തുടർന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എകെജി ആശുപത്രിയിലെത്തി.
മോർച്ചറിയിലേക്ക് മാറ്റാൻ സ്ട്രെച്ചറുമായി ആംബുലൻസിൽ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടൻ ആശുപത്രി അധികൃതരെ അറിയിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നില ഭേദമായതിനെത്തുടർന്ന് ജനുവരി 24ന് പവിത്രനെ ഡിസ്ചാർജ് ചെയ്തു. വീട്ടിൽ വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പാച്ചപൊയ്ക വനിതാ ബാങ്കിന് സമീപം പവിത്രം വീട്ടിൽ പരേതരായ പുത്തലോൻ കുന്നത്ത് വാസു- വി.കെ.ദേവകി ദന്പതികളുടെ മകനാണ്. ഭാര്യ: സുധ (വക്കീൽ ഓഫീസ് ജീവനക്കാരി, തലശേരി ). സഹോദരങ്ങൾ: പുഷ്പ (പൊട്ടൻപാറ,അധ്യാപിക കതിരൂർ വെസ്റ്റ് എൽപി) , രഘുനാഥൻ (ഗൾഫ്), സഗുണ (കേരള ബാങ്ക് ജീവനക്കാരി).