ആത്മീയ ക്ലാസിലൂടെ സാന്പത്തിക തട്ടിപ്പ്; പണം നഷ്ടമായവർ നിരവധി
1512894
Tuesday, February 11, 2025 1:22 AM IST
സ്വന്തം ലേഖിക
കണ്ണൂർ: പാതിവില തട്ടിപ്പിന് പിന്നാലെ പുറത്തുവന്ന ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് തട്ടിപ്പിൽ പണവും മാനവും നഷ്ടപ്പെട്ടവർ നിരവധി. ട്രസ്റ്റിന്റെ ക്ലാസുകളിൽ പങ്കെടുത്താൽ ആത്മീയതയിലൂടെ സാന്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലും നിരവധി തവണ കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ,അനിരുദ്ധൻ, വിനോദ്കുമാർ, സനൽ എന്നിവരുടെ നേതൃത്വത്തിൽ ആത്മീയ ക്ലാസുകൾ നടത്തിയാണ് പണം തട്ടിയെടുത്തതായി പരാതിയുള്ളത്.
ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രപഞ്ചോർജ്ജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയ കാര്യങ്ങളിൽ കൂടി കൈവരിക്കുമെന്ന് യൂ ട്യൂബിൽ പരസ്യം നൽകിയും നേരിട്ട് പറഞ്ഞ് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് ആത്മീയ ക്ലാസുകളും ടൂർ പ്രോഗ്രാമുകളും നടത്തിയാണ് പണം തട്ടുന്നത്.
ഒന്നാം പ്രതിയായ ഡോ. അഷറഫ് എന്ന ഹിമാലയൻ ഗുരു അഷറഫ് ബാബയാണ് ക്ലാസുകൾക്ക് നേതൃത്വം വഹിക്കുന്നത്. കണ്ണൂരിൽ മാത്രം 13 കോടിയോളം തട്ടിപ്പ് നടന്നതായി പോലീസ് പറഞ്ഞു. ക്ലാസിൽ പങ്കെടുത്താൽ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതിൽ ഉന്നതിയിലെത്തുമെന്നും കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസകാര്യത്തിൽ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണ് പലരും കുടുങ്ങിയത്. കണ്ണൂരിൽ കിട്ടിയ പരാതിയെത്തുടർന്ന് നാളെ കണ്ണൂർ ടൗൺ പോലീസിൽ പ്രതികളോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗുരു ദക്ഷിണ 14,000 രൂപ
ആത്മീയതയിലൂടെ വിചാരിച്ച കാര്യം സാധിക്കാൻ ഗുരുദക്ഷിണയായി 14000 രൂപയാണ് ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് യൂ ട്യൂബിലൂടെ ആവശ്യപ്പെടുന്നത്. ഇത് ട്രസ്റ്റിലേക്കുള്ള പണമാണെന്നാണ് ക്ലാസിൽ പങ്കെടുക്കാനെത്തുന്നവരോട് പറയുന്നത്. പരിമിതമായ സീറ്റുകൾ മാത്രമേയുള്ളുവെന്നും അത് കൊണ്ട് ഇപ്പോൾ തന്നെ ബുക്ക് ചെയ്യണമെന്നും പറഞ്ഞ് വിവരങ്ങൾ അറിയാൻ വിളിക്കുന്നവരെകൊണ്ട് പണം അടപ്പിച്ച് ബുക്ക് ചെയ്യിക്കും. ഇത്തരത്തിൽ ഒരു ക്ലാസിൽ 60 ൽ അധികം ആളുകൾ ഉണ്ടാകുന്നുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇതിന് പുറമെ ഗുരുവിന്റെ അനുഗ്രഹം വാങ്ങിക്കാൻ ആയിരമോ താത്പര്യമുള്ളവർക്ക് കൂടുതലോ നൽകാം. കൂടാതെ സ്വർണങ്ങളും ദക്ഷിണയായി സ്വീകരിക്കുന്നുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
അഡ്വാൻസ്ഡ്
ക്ലാസിന് 18000 രൂപ
കേരളത്തിന് അകത്തും പറത്തുമുള്ളവരെ ഉൾപ്പെടുത്തി 1000 പേരടങ്ങുന്ന ഒരു വാട്സാപ് കൂട്ടായ്മ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ദിനംപ്രതി ആത്മീയതയിലൂടെ സാന്പത്തിക നേട്ടം ഉണ്ടാക്കാനുള്ള വഴികൾ, കുട്ടികൾക്ക് പഠന മികവ് തുടങ്ങിയവ നേടിയെടുക്കാനായുള്ള ടിപ്സുകളടങ്ങിയ പോസ്റ്റുകൾ ഷെയർ ചെയ്യും. ഇതിൽ ആകൃഷ്ടരാകുന്നവരെ തെരഞ്ഞെടുത്ത് അഡ്വാൻസ് ക്ലാസിനെക്കുറിച്ച് ഫോൺകോളിലൂടെ പറഞ്ഞ് നൽകും.
ത്രിതല ദീക്ഷ, സിദ്ധി ദീക്ഷ, ചീക്കുങ് എന്നതാണ് രണ്ടാം ലെവൽ. ഈ ക്ലാസിനായി 18000 രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ഇതിലും ഗുരുദക്ഷിണ നൽകണം. അത് 2000 മുതൽ 10000 വരെ ആകാം. ഇത്രയും തുക നൽകാൻ കഴിയാത്ത ആളുകൾക്ക് ക്രിസ്റ്റൽ ക്ലിയറൻസ് എന്ന പേരിൽ ക്ലാസുകൾ നടത്തും. ഇവരുടെ കൈയിൽ നിന്നും 6000 രൂപയാണ് വാങ്ങുന്നത്.
മൂന്നാംഘട്ടം
കുണ്ഡലിനി ക്രിയ
അഡ്വാൻസ് ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്നവരിൽ സാന്പത്തികമായി മുന്നിൽ നിൽക്കുന്നവരെ തെരഞ്ഞെടുത്ത് അവർക്കായി ചെയ്ത് കൊടുക്കുന്നതാണ് കുണ്ഡലിനി ക്രിയ. പണവുമായി എത്തുന്നവർക്ക് മാത്രമേ ഈ ക്ലാസ് നൽകുകയുള്ളു. കൂടുതലും സ്ത്രീകളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് ലെവൽ ആയിട്ടാണ് കുണ്ഡലിനി ക്രിയ ചെയ്യുന്നത്. ഒന്നാം ഘട്ടത്തിൽ ക്ലാസുകൾക്ക് ശേഷം ഹിമാലയത്തിൽനിന്ന് കൊണ്ടുവന്ന "ഔഷധങ്ങൾ' നൽകുമത്രേ. ഇതിനായി 75000 മുതൽ ഒരു ലക്ഷം വരെയാണ് അവർ ആവശ്യപ്പെടുന്നത്. ഇത് ലഹരിപോലെ അഡിക്ഷൻ ഉണ്ടാക്കുമെന്ന് പറയുന്നു.
രണ്ടാംഘട്ട കുണ്ഡലിനി ക്രിയയ്ക്ക് ഒന്നര ലക്ഷം രൂപ നൽകണം. ഇതിലും ക്ലാസുകളും "ഔഷധങ്ങളും' നൽകും. മൂന്നാംഘട്ടത്തിൽ രണ്ടരലക്ഷം രൂപയിലധികം വാങ്ങുക. ഇതോടെ കസ്റ്റമേഴ്സ് അവരുടെ വരുതിയിലായി കെണിയിൽപ്പെട്ടിരിക്കും.