ബസ് യാത്രക്കിടെ വീട്ടമ്മയുടെ ഫോണും പണവും കവര്‍ന്നു: തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍
1511843
Friday, February 7, 2025 1:17 AM IST
മഞ്ചേശ്വരം: ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന തമിഴ്നാട് സ്വദേശികളായ മൂന്നു യുവതികള്‍ അറസ്റ്റില്‍. തൂത്തുക്കുടിയിലെ സുമതി (34), രഞ്ജിത (32), പാര്‍വതി (42) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ മംഗളുരുവില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് മഞ്ചേശ്വരം കുഞ്ചത്തൂര്മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണിയുടെ(59) ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടത്. പ്രതികള്‍ മോഷണം നടത്തുന്നത് ബസ് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുകയും മറ്റു യാത്രക്കാരെ അറിയിക്കുകയും ചെയ്തതോടെയാണ് ഇവരെ തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചത്.
യാത്രക്കാരില്‍ ചിലര്‍ പ്രതികള്‍ക്ക് നേരെ കൈയേറ്റശ്രമവും നടത്തി. സിസിടിവി കാമറകളിലെ ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിട്ടുണ്ട്. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളാണ് ഇവരെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.