ശുഹൈബിന്റെ കൊലയാളികൾ രക്ഷപ്പെടില്ല: മാർട്ടിൻ ജോർജ്
1512181
Saturday, February 8, 2025 1:35 AM IST
മട്ടന്നൂർ: ശുഹൈബിന്റെ കൊലയാളികൾ നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്നും അതിന് കോൺഗ്രസ് അനുവദിക്കില്ലെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി വക്താവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കാലമാണിതെന്നും ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടെന്ന് സിപിഎം മനസിലാക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു. കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശയാണ്. ജോർജ് കുര്യനെപ്പോലെയുള്ളയാളു കളുടെ പ്രതികരണം കേരളത്തെ അപമാനിക്കലാണ്. ജനാധിപത്യ ഇന്ത്യയിൽ ആർക്കും ഭരണം കുത്തകയാവില്ലെന്ന് കാലം തെളിയിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയ സ്പോൺസർ ചെയ്ത ഇരു ചക്രവാഹനത്തിന്റെ താക്കോൽ ദാനം സന്ദീപ് വാര്യർ, മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് എന്നിവർ ചേർന്നു നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ പ്രസിഡന്റ് പി.കെ. ജിതിൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വിജിൽ മോഹനൻ, വി.പി.അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട് , ഫർസിൻ മജീദ്, വി.ആർ. ഭാസ്കരൻ, ടി.ജയകൃഷ്ണൻ, റഷീദ് കവ്വായി , ടി.വി.രവീന്ദ്രൻ, സുരേഷ് മാവില, കാഞ്ഞിരോളി രാഘവൻ, ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.