ഏഴിമലയിൽ തീപിടിത്തം: എട്ടേക്കറോളം കത്തിനശിച്ചു
1512895
Tuesday, February 11, 2025 1:22 AM IST
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമി പ്രദേശത്തിന് തൊട്ടരികിലായുണ്ടായ തീപിടിത്തത്തിൽ എട്ടേക്കർ സ്ഥലം കത്തിനശിച്ചു. നാവിക അക്കാഡമി മേഖലയിലേക്ക് തീപടരുന്നത് തീവ്രശ്രമത്തിലൂടെ തടയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നേവൽ അക്കാഡമി രാമന്തളി ഗേറ്റിന് സമീപത്തെ ജസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലത്ത് നിന്ന് തീയും പുകയും ഉയർന്നത്. നിമിഷങ്ങൾ കൊണ്ട് തീ മലമുകളിലേക്ക് ആളിപ്പടർന്നു. വിവരമറിഞ്ഞ് നേവിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പയ്യന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുമുൾപ്പെടെ മൂന്ന് യൂണിറ്റാണ് തീയണച്ചത്. നേവൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നേതൃത്വം നൽകി.
പയ്യന്നൂർ എസ്എച്ച്ഒ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസും നാവിക അക്കാഡമിയിലെ കേഡറ്റുകളും തീയണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായി. മതിലിനപ്പുറത്തെ നേവൽ മേഖലയിലേക്ക് തീ പടർന്നു കയറാതിരിക്കാൻ മെഷീനുകളുപയോഗിച്ച് കാടുകൾ നീക്കം ചെയ്യുകയായിരുന്നു. ഇതിലൂടെ തീ പടരുന്നത് തടയാനായി. അല്ലെങ്കിൽ വൻ ദുരന്തമായിരുന്നു സംഭവിക്കുക. വാഹനമോ അഗ്നിരക്ഷാസേനയുടെ പൈപ്പുകളോ എത്താത്ത സ്ഥലത്തെ തീയണയ്ക്കൽ ദുഷ്കരമായിരുന്നു. മലമുകളിലെ ലൂർദ് മാതാ പള്ളിയിൽ തിരുനാളാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. പരിസരവാസികളും തീയണക്കുന്നതിൽ സജീവമായി പങ്കെടുത്തു.
അഞ്ച് മണിക്കൂറോളം നീണ്ട കൂട്ടായ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വന്യമൃഗശല്യം കാരണം കൃഷി ചെയ്യാതെ കാടുകയറി കിടന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. താഴെയുള്ള ജനവാസമേഖലയിലേക്ക് തീ പടരാതിരിക്കാൻ പരിസരവാസികൾ കാടുനീക്കം ചെയ്ത് ഫയർ ബെൽട്ട് നിർമിച്ചാണ് തീയെ പ്രതിരോധിച്ചത്. സ്റ്റേഷൻ ഓഫീസർ ടി.വി. പ്രകാശ്കുമാർ, അസി. സ്റ്റേഷൻ മാസ്റ്റർ മാത്യു, സേനാംഗങ്ങളായ ശ്രീനിവാസൻ, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.