ഹാന്‍വീവ് ജീവനക്കാർക്ക് ശന്പളം കിട്ടിയിട്ട് മാസങ്ങൾ
1512898
Tuesday, February 11, 2025 1:22 AM IST
സ്വന്തം ലേഖകൻ
കണ്ണൂര്‍: കേരള സംസ്ഥാന കൈത്തറി വികസന കോര്പറേഷന് (ഹാന്‍വീവ്) പൂട്ടലിന്റെ വക്കിലോ? ആറ് മാസത്തിലധികമായി 180ലധികം വരുന്ന ജീവന ക്കാർ ക്ക് ശന്പളം നല്‍കിയിട്ട്. ഇതുമൂലം ജീവനക്കാർ വൻ പ്രതിസന്ധിയിലാണ്. ഓണത്തിനും ക്രിസ്മസിനുമെല്ലാം ന്യായമായ വില്പന നടന്നുവെങ്കിലും ജീവനക്കാർക്ക് ഗുണം ലഭിച്ചില്ല. ജീവനക്കാർക്ക് എല്ലാം കൂടി പ്രതിമാസം 60 ലക്ഷം രൂപയോളം വേണം ശന്പളം നല്കാൻ.
കേന്ദ്രസർക്കാർ കൈത്തറിക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതും കൈത്തറി വികസന കോര്‍പറേഷന്റെ മുന്നോട്ട് പോക്കിന് കാര്യമായി ബാധിച്ചു. ഇതുകൂടാതെ സംസ്ഥാന സർക്കാർ എട്ടുകോടി രൂപയിലധികം കോര്പറേഷന് നല്‍കാനുണ്ട്.
യൂണിഫോമും മറ്റും വാങ്ങിയ ഇനത്തിലാണ് സംസ്ഥാന സർക്കാർ കുടിശിക നല്‍കാനുള്ളത്. ശമ്പള കുടിശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക, സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുക, സ്ഥാപനത്തില്‍ വൈവിധ്യവത്കരണം നടപ്പിലാക്കി ഹാന്‍വീവിനെ സംരക്ഷിക്കുക, കേന്ദ്രറിബേറ്റ് പുനഃസ്ഥാപിക്കുക, കൈത്തറിക്കുള്ള ജിഎസ്ടി ഒഴിവാക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുകയാണ്.
പ്രക്ഷോഭസമരത്തിന്റെ ഭാഗമായി സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഹാന്‍വീവ് കണ്ണൂര്‍ ഹെഡ് ഓഫീസിന് മുമ്പില്‍ ഇന്നലെ ധര്‍ണ സംഘടിപ്പിച്ചു. 19ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണക്ക് മുന്നോടിയായാണ് സമരം സംഘടിപ്പിച്ചത്. ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ. രാജന് ഉദ്ഘാടനം ചെയ്തു.