കോടികൾ തട്ടിയ ഡോക്ടർമാരുൾപ്പെടെ ആറുപേർക്കെതിരേ കേസ്
1512297
Sunday, February 9, 2025 1:50 AM IST
കണ്ണൂർ: ക്ലാസുകളിൽ പങ്കെടുത്താൽ ആത്മീയതയിലൂടെ സാന്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞ് കോടികൾ തട്ടിയെന്ന പരാതിയിൽ ഡോക്ടർമാരുൾപ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്കുമാർ, സനൽ എന്നിവർക്കെതിരെയാണ് മന്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ കേസെടുത്തത്.
2022 ലാണ് തട്ടിപ്പിന്റെ തുടക്കം. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രപഞ്ചോർജ്ജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽ കൂടി കൈവരിക്കുമെന്ന് യുട്യൂബിൽ പരസ്യം നൽകിയും നേരിട്ട് പറഞ്ഞ് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിയായ ഡോ. അഷറഫിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം ക്ലാസുകൾ നടത്തിയും വിവിധ സ്ഥലങ്ങളിലേക്ക് ടൂർ പ്രോഗ്രാം നടത്തിയും പരാതിക്കാരനിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പ്രതികൾ കണ്ണൂർ ജില്ലയിൽ തന്നെ വിവിധ ആളുകളിൽ നിന്നായി പന്ത്രണ്ട് കോടി രൂപയിലേറെ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ക്ലാസിൽ പങ്കെടുത്താൽ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതിൽ ഉന്നതിയിലെത്തുമെന്നും കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസകാര്യത്തിൽ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണ് പലരും കുടുങ്ങിയത്.
കൂടാതെ സാന്പത്തിക നേട്ടം കൈവരുമെന്നും പ്രതികൾ തട്ടിപ്പിനിരയായവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പണം നൽകി കുറെ നാളുകൾക്ക് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതായതോടെയാണ് പരാതിയുമായി പ്രശാന്ത് പോലീസിനെ സമീപിച്ചത്. കണ്ണൂരിലും ഈയടുത്ത മാസങ്ങളിൽ പ്രശസ്ത ഹോട്ടലുകളിൽ ഇത്തരം ക്ലാസുകൾ നടത്തിയിരുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.