കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനം നാളെ ചെമ്പേരിയിൽ
1511839
Friday, February 7, 2025 1:17 AM IST
ചെമ്പേരി: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 210 യൂണിറ്റുകളിൽ നിന്നുള്ള കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹികൾക്കുള്ള സ്വീകരണവും നാളെ ചെന്പേരിയിൽ നടക്കും.
രാവിലെ 8.45 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ മോൺ.ആന്റണി മുതുകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ പരിപാടി ആരംഭിക്കും. 9.45 ന് ബസിലിക്ക അങ്കണത്തിൽ നിന്നാരംഭിക്കുന്ന റാലി ചെമ്പേരി ടൗൺ ചുറ്റി നിധീരിക്കൽ മാണിക്കത്തനാർ നഗറിന്റെ ഗേറ്റിലെത്തുമ്പോൾ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കും ഗ്ലോബൽ ഭാരവാഹികൾക്കും സ്വീകരണം നൽകും. തുടർന്ന് മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കുന്ന നേതൃസമ്മേളനം മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണം നടത്തും. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.
ചർച്ചകൾക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഫാ.പോൾ വള്ളോപ്പിള്ളി എന്നിവർ നേതൃത്വം നൽകും. 2025 സാമുദായിക ശാക്തീകരണ വർഷത്തിൽ കത്തോലിക്കാ കോൺഗ്രസ് വിവിധ മേഖലകളിലായി നടപ്പാക്കുന്ന പദ്ധതികൾ യോഗത്തിൽ വിശദീകരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബിജു മണ്ഡപത്തിൽ, തങ്കച്ചൻ വെണ്ണായപ്പിള്ളിൽ, ജോമി മുതുകുന്നേൽ, ഷാജു വടക്കേൽ , സിജോ കണ്ണേഴത്ത് എന്നിവർ അറിയിച്ചു.