ഭിന്നശേഷിക്കാരിയായ മകൾക്ക് പിറന്നാൾ സമ്മാനമായി പാർക്ക്
1511841
Friday, February 7, 2025 1:17 AM IST
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ മകൾക്ക് പിറന്നാൾ സമ്മാനമായി നിർമിച്ച് നൽകുന്ന പാർക്ക് മറ്റു കുട്ടികൾക്കായി തുറന്നു കൊടുത്ത് പ്രവാസിയായ പിതാവ്. കുറുമാത്തൂരിൽ ആറാം വാർഡിൽ താമസിക്കുന്ന കെ.ഷറഫുദീനാണ് ഭിന്നശേഷിക്കാരിയായ മകൾക്ക് കൂട്ടുകാരെ കണ്ടെത്താൻ സ്വന്തം പുരയിടത്തിൽ ലക്ഷങ്ങൾ മുടക്കി മകളുടെ പേരിൽ പാർക്ക് നിർമിച്ചിരിക്കുന്നത്.
ഒരു പിതാവ് മകൾക്ക് നൽകുന്ന പിറന്നാൾ സമ്മാനങ്ങളിൽ ഏറ്റവും വ്യത്യസ്തമായി മാറിയിരിക്കുകയാണ് കുറുമാത്തൂരിൽ ഒരുങ്ങിയ ശിഫാ പാർക്ക്. ഈ പാർക്കിനു പിന്നിലെ ആശയം അറിയുമ്പോൾ ഏതൊരാളുടെയും കണ്ണുകൾ ഈറനണിയും. പ്രവാസിയായിരുന്ന ഷറഫുദീന്റെ ഏക മകളാണ് പതിമൂന്നുകാരിയായ ശിഫ ഫാത്തിമ. മകളെ പരിചരിക്കുന്നതിനായാണ് ഷറഫുദ്ദീൻ വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയത്.
കുറുമാത്തൂർ സൗത്ത് എഎൽപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശിഫ. ബുദ്ധിമുട്ടുകൾ സഹിച്ച് സ്കൂളിൽ എത്തിച്ചാലും ഒരു മണിക്കൂറിലേറെ ക്ലാസിൽ ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ലാസിൽ പോകുന്നത് കുറയുകയും ശിഫയുടെ ആരോഗ്യസ്ഥിതി തന്നെ മോശമാകുകയും ചെയ്തു.
ഡോക്ടർമാർ മറ്റു കുട്ടികളുമായി കൂടുതൽ ഇടപഴകാൻ അവസരമൊരുക്കണമെന്ന് നിർദേശിച്ചു. ഇതോടെയാണ് വീടിനു സമീപത്ത് തന്നെ പാർക്ക് സ്ഥാപിച്ച് നാട്ടിലെ കുട്ടികളെയെല്ലാം ഇവിടേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്. തുടർന്ന് 15 ലക്ഷത്തോളം രൂപ മുടക്കി വീടിനോട് ചേർന്ന് പാർക്ക് ഒരുക്കി. കുട്ടികൾക്ക് കളിക്കാനുള്ള എല്ലാ സംവിധാനങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ
ശുചിമുറികളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ശിഫാ ഫാത്തിമയ്ക്ക് പിറന്നാൾ സമ്മാനമായി നിർമിച്ച പാർക്കിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ 10ന് ഗിന്നസ് റിക്കാർഡ് ജേതാവ് അസിം വെളിമണ്ണ നിർവഹിക്കും. സജീവ് ജോസഫ് എംഎൽഎ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൂടാതെ തളിപ്പറമ്പ് മേഖലയിലെ ഇരുനൂറോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരും സ്പെഷൽ എഡ്യുക്കേറ്റർമാരും പങ്കെടുക്കും. വൈകുന്നേരം അഞ്ചുമുതൽ വിവിധ കലാപരിപാടികളും നടക്കും.