ഏമ്പേറ്റ് ജംഗ്ഷനിൽ ദേശീയപാത മേൽപ്പാലത്തിന് അനുമതി
1512184
Saturday, February 8, 2025 1:35 AM IST
കണ്ണൂർ: നിർമാണം നടന്നുവരുന്ന ദേശീയപാത 66ൽ തളിപ്പറമ്പ്-പയ്യന്നൂർ സ്ട്രെച്ചിൽപ്പെടുന്ന ഏമ്പേറ്റ് ജംഗ്ഷനിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ കഴിയുന്ന മേൽപ്പാലം നിർമിക്കുന്നതിന് അനുമതി നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. എംപിമാരായ ഡോ. ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അഥോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള പ്രത്യേക ഉത്തരവ് പ്രകാരം ഏമ്പേറ്റ് ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കാനുള്ള തീരുമാനം എടുത്തത്. 10 മീറ്റർ വീതിയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ ഉതകുന്ന വിധത്തിൽ മേൽപ്പാലം നിർമിക്കാനാണ് അനുമതി.
തളിപ്പറമ്പ്-പയ്യന്നൂർ സ്ട്രെച്ചിലെ പ്രധാന ജംഗ്ഷനായ ഏമ്പേറ്റിൽ ദേശീയപാത സാധാരണ ഭൂനിരപ്പിനേക്കാൾ അഞ്ചു മീറ്ററോളം താഴ്ചയിലാണ് . ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾ സാധാരണ ഭൂനിരപ്പിലുമാണ്. അതിനാൽ, കാൽനടയാത്രക്കാർക്കോ സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾക്കോ ദേശീയപാത മുറിച്ചു കടക്കുന്നതിന് മാർഗമില്ല. മേൽപ്പാലത്തിനായി പ്രക്ഷോഭത്തിലായിരുന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് എംപിമാർ ഇടപെട്ടത്.