തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ ഭക്ഷണാവശിഷ്ട മാലിന്യം തള്ളി
1512891
Tuesday, February 11, 2025 1:22 AM IST
ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ ഭക്ഷണാവശിഷ്ട മാലിന്യം തള്ളി. കഴിഞ്ഞ ദിവസം ഇരിട്ടി റസ്റ്റ് ഹൗസിന് സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്തിന് സമീപം റോഡരികിലാണ് മാലന്യം തള്ളിയത്. പായം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തിന് സമീപം അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്ത ശേഷം മുട്ടയുടെ തോട് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡരികിലും പുഴയിലും തള്ളുകയായിരുന്നു.
യാത്രക്കാർ ഇരിക്കാൻ ഉപയോഗിക്കുന്ന താത്കാലിക ബഞ്ച് ഉൾപ്പെടെ സമൂഹ്യവിരുദ്ധർ വൃത്തിഹീനമാക്കിയ നിലയിലാണ്. ഇരിട്ടി പാലം മുതൽ റസ്റ്റ് ഹൗസ് വരെയുള്ള ഭാഗത്ത് ദീർഘദൂര നാഷണൽ പെർമിറ്റ് ലോറികൾ അനധികൃതമായി നിർത്തിയിടുന്നുണ്ട്. അനധികൃത പാർക്കിംഗ് നിരോധിച്ചു കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ആരും ഗൗരവത്തിലെടുക്കാറില്ല.
പ്രദേശത്തെ വഴിവിളക്കുകൾ ഒന്നും പ്രകാശിക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് കൂടുതൽ സഹായം ആവുകയാണ്. പഞ്ചായത്തും പോലീസും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പുഴയോരത്തെ രാത്രികാല പാർക്കിംഗ് നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ ഇവിടെ പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഏർപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു.