തിരുക്കച്ചയുടെ നേർപകർപ്പിന്റെ പ്രദർശനം തുടങ്ങി
1512182
Saturday, February 8, 2025 1:35 AM IST
കൊളക്കാട്: വിശുദ്ധ തോമശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ കൊളക്കാട് സെന്റ് തോമസ് തീർഥാടന പള്ളിയിൽ തലശേരി രൂപതയിൽ ആദ്യമായിഈശോയുടെ ടൂറിൻ തിരുക്കച്ചയുടെ നേർപകർപ്പിന്റെ പ്രദർശനവും വണക്കവും ആരംഭിച്ചു.
ക്രൂശിതനായ ക്രിസ്തുവിന്റെ മുറിപ്പാടുകളും, ചോരപ്പാടുകളും, ക്ഷതങ്ങളും ഒപ്പം മുഖചിത്രവും പതിഞ്ഞിരിക്കുന്ന 14 അടി നീളവും നാലടി വീതിയു മുള്ള ഇറ്റലിയിൽ ടൂറിൻ കത്തിഡ്രൽ പള്ളിയിൽ 16 നൂറ്റാണ്ടുമുതൽ സൂക്ഷിക്കുന്ന തിരുക്കച്ചയുടെ തനിപകർപ്പാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇന്നലെ രാവിലെ 10ന് വികാരി ഫാ. തോമസ് പട്ടാംകുളം തിരുക്കച്ചയെ സ്വീകരിച്ചു. തുടർന്ന് തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകൂന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് പ്രദർശത്തിനും വണക്കത്തിനും തുടക്കം കുറിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ആദ്യവെള്ളി കുരിശുമല തീർഥാടനത്തിന് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തകിടിയേൽ നേതൃത്വം നൽകി.
വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ തിരുക്കച്ച വണങ്ങി പ്രാർഥിക്കുന്നതിന് എത്തി. തിരുക്കച്ചയുടെപ്രദർശനവും വണക്കവും ഇന്നും തുടരും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അമ്പലവയാൽ പള്ളി വികാരി ഫാ. ചാക്കോ മേപ്പുറത്ത് നയിക്കുന്ന രണ്ടാം ശനി കൺവൻഷൻ. നാലിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പേരാവൂർ ഫൊറോന വികാരി ഫാ. മാത്യു തെക്കേമുറി കാർമികത്വം വഹി ക്കും.6.30ന് സമാപനാശിവാദത്തോടെ പ്രദർശനം സമാപിക്കും.