ആപ്പിലൂടെ മയക്കുമരുന്ന് വില്പന: ഒരാൾ അറസ്റ്റിൽ
1511845
Friday, February 7, 2025 1:17 AM IST
കണ്ണൂർ: പ്രത്യേകമായി തയാറാക്കിയ ആപ്പിലൂടെ മാരക മയക്കുമരുന്നായ എംഡിഎംഎ വില്പന നടത്താനെത്തിയ ആളെ കണ്ണൂർ ഡാൻസാഫ് ടീമും എടക്കാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തലശേരി സ്വദേശി റിയാസ് അന്പാലിയാണ്(45) അറസ്റ്റിലായത്. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽനിന്നും ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് ഇയാളെ പിടികൂടിയത്. 0.82 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിയിൽ കെഎൽ 58 വൈ 6732കാറിൽ വച്ച് മയക്കുമരുന്ന് വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിജ്ഞാനമുള്ള പ്രതി പ്രത്യേക ആപ്പ് നിർമിച്ചാണ് വില്പന നടത്തിയിരുന്നത്. പ്രതിയുടെ ലൊക്കേഷൻ മയക്കുമരുന്ന് ആവശ്യമുള്ളവർക്കും സ്ഥിരം കസ്റ്റമർക്കും മനസിലാകുന്ന രീതിയിൽ സെറ്റ് ചെയ്തായിരുന്നു ആപ്പിന്റെ പ്രവർത്തനം. പ്രതി പ്രത്യേക ലൊക്കേഷനിൽ എത്തുമ്പോൾ പാസ്വേഡ് ഉപയോഗിച്ച് മയക്കുമരുന്ന് ആവശ്യമുള്ളവർക്ക് ആപ്പിൽ ലോഗിൻ ചെയ്തു ലൊക്കേഷൻ മനസിലാക്കി അവിടെയെത്തി മയക്കുമരുന്ന് വാങ്ങുക എന്നതാണ് രീതി.
ഈ ആപ്പ് കണ്ണൂർ സിറ്റി പോലീസിന്റെ സൈബർ വിദഗ്ധർ അതീവ രഹസ്യമായി നിയന്ത്രണത്തിലാക്കി പ്രതിയെ പിന്തുടരുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ആപ്പ് ഓപ്പൺ ആക്കി. ഇതു മനസിലാക്കിയ സൈബർ സംഘം പ്രതിയുടെ ലൊക്കേഷൻ മനസിലാക്കി. തുടർന്ന്, എടക്കാട് സിഐ എം.വി. ബിജു, എസ്ഐ എൻ. ദിജേഷ്, കണ്ണൂർ ഡാൻസാഫ് ടീം, ജെഎസ്ഐ സുജിത്ത് കുറുവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.