പാപ്പാ സാഗരമായി ഇരിട്ടി
1489255
Sunday, December 22, 2024 7:34 AM IST
ഇരിട്ടി: ക്രിസ്മസ് പാപ്പാമാരുടെ സാഗരം തീർത്ത് മലയോര മണ്ണിൽ ബോൺ നത്താലെ ആഘോഷരാവ്. തലശേരി അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ മലബാർ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഇരിട്ടിയിൽ നടത്തിയ ബോൺ നത്താലെ സീസൺ നാലിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പിന്നിലായി ചുവപ്പും വെള്ളയുമണിഞ്ഞ മൂവായിരത്തോളം യുവജനങ്ങളും ആയിരത്തിലധികം പാപ്പാമാരും കാണികൾക്ക് ഉത്സവമായി നിറഞ്ഞു.
ടൗണിലെ തിരക്കിലും റോഡിന് ഇരുപുറവും തിങ്ങിനിറഞ്ഞ നാനാമതസ്ഥരായ ജനങ്ങൾക്കും നടുവിലൂടെ എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പേരാവൂർ ഫൊറോനകളിലെ യുവത്വം ക്രിസ്മസ് ഗാനത്തിനൊപ്പം ചുവടുവച്ചപ്പോൾ ബോൺ നത്താലെ സീസൺ നാല് മറ്റൊരു അനുഭവമായി. ക്രിസ്മസ് സന്ദേശം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കൊപ്പം ആഘോഷം അണപൊട്ടുന്ന താളമേളങ്ങളുടെയും ഡിജെ സംഗീതത്തിന്റെയും അകമ്പടിയോടെ പയഞ്ചേരിമുക്കിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശറാലി ഇരിട്ടി ടൗണിലൂടെ പഴയപാലം കടന്ന് തന്തോട് സാൻജോസ് കോപ്ലക്സിന് മുന്നിൽ അവസാനിച്ചു.
സമാപന സമ്മേളനം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര,സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിപിൻ ജോസഫ്, എസ്എംവൈഎം സംസ്ഥാന സെക്രട്ടറി അഖിൽ ചാലിൽ പുത്തൻപുരയിൽ, എമിൽ നെല്ലംകുഴി, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിക്കൽ, പി.ജെ ജോയൽ, ഗ്ലോറിയ കൂനാനിക്കൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, റോസ് തോട്ടത്തിൽ,സോന ചിറയിൽ, അപർണ്ണ കാഞ്ഞിരക്കാട്ടുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, മതബോധന ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പള്ളി മിഷൻലീഗ് ഡയറക്ടർ ഫാ.വിപിൻ വടക്കേപ്പറമ്പിൽ, ഫൊറോന ഡയറക്ടർമാരായ ഫാ. ജെയ്സ് കുരിശുമൂട്ടിൽ, ഫാ. സെബാൻ ഇടയാടിയിൽ, ഫാ. ജിന്റോ പന്തനാനിക്കൽ, ഫാ. പോൾ കണ്ടത്തിൽ,ഫാ എഡ്വിൻ കോയിപ്പുറം, ഫൊറോന പ്രസിഡന്റുമാരായ റോണിറ്റ് പള്ളിപ്പറമ്പിൽ, എഡ്വിൻ ജോർജ്, ജിബിൻ ജെയ്സൺ,അനൽ സാബു, ഷെബിൻ തോമസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
മനുഷ്യന് ദൈവത്തോളം മൂല്യമുണ്ട്: മാർ ജോസഫ് പാംപ്ലാനി
ഇരിട്ടി: ദൈവം മനുഷ്യനായി പിറന്നതിന്റെ ഓർമയാണ് ക്രിസ്മസ് എന്നും അതുകൊണ്ട് മനുഷ്യന് ദൈവത്തോളം മൂല്യമുണ്ടെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദൈവത്തെ കാണാൻ ദൂരങ്ങൾ താണ്ടി സഞ്ചരിക്കേണ്ട. നിങ്ങൾക്ക് അരികിൽ നിൽക്കുന്നവരിലേക്ക് ആത്മാർഥതയോടെ നോക്കിയാൽ മതി. അവിടെ ദൈവത്തെ കാണാൻ കഴിയും. അതുതന്നെയാണ് ക്രിസ്മസ് നൽകുന്ന സന്ദേശവും.
ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നൽകിയ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം നൽകുന്ന "ബോൺ നത്താലെ "ദേശത്തിന്റെ ഉത്സവമായി നാനാജാതി മതസ്ഥർ ഏറ്റെടുത്തതിന്റെ ഉദാഹരണമാണ് ഇരിട്ടിയെ ജനസാഗരമാക്കിയത്. എല്ലാം മറന്ന് അവർ ശാന്തിയുടെ സന്ദേശം നൽകുന്ന കരോൾ ഗാനങ്ങൾ ഉരുവിടുമ്പോൾ ക്രിസ്മസ് സന്ദേശം അർഥവത്താകുകയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.