സിസ്റ്റർ ഫിലോ ജോർജിന്റെ സ്നേഹത്തണലിൽ വീണ്ടും പഴയ സഹപ്രവർത്തകർ ഒത്തുകൂടി
1489251
Sunday, December 22, 2024 7:34 AM IST
കണ്ണൂർ: മനുഷ്യഹൃദയങ്ങളെ ചേർത്തുപിടിക്കാൻ മാത്രം ശീലിച്ച സിസ്റ്റർ ഫിലോ ജോർജിന് പഴയകാല സഹപ്രവർത്തകരായ അധ്യാപകരുടെ ആദരവ്. 1994 മുതൽ 2018 വരെ കണ്ണൂർ പയ്യാന്പലം ഉറുസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായിരുന്നു പാല സ്വദേശിയായ സിസ്റ്റർ ഫിലോ ജോർജ്.
വിരമിച്ചശേഷം ഇറ്റലിയിലേക്കു പോയ സിസ്റ്റർ വർഷങ്ങൾക്കുശേഷം കണ്ണൂരിൽ എത്തിയപ്പോഴാണ് പഴയകാല സഹപ്രവർത്തകർ പയ്യാന്പലം മർമര ബീച്ച് റിസോർട്ടിൽ ആദരവ് ഒരുക്കിയത്. അധ്യാപന കാലത്ത് സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വേർതിരിവില്ലാതെ സ്നേഹത്തണൽ ഒരുക്കിയ മാതൃകാ അധ്യാപികയാണ് സിസ്റ്റർ ഫിലോ ജോർജെന്ന് അന്നത്തെ സഹപ്രവർത്തകർ ഇന്നും ഓർക്കുന്നു.
ചടങ്ങിൽ ജയ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവിത, സുരജ, സിമ്മി വിനീഷ്, ബീന, റീന ബാബു, റാണി മോഹൻ എന്നിവർ പ്രസംഗിച്ചു. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്ന ആധുനിക കാലത്ത് സിസ്റ്ററെ പോലുള്ളവരുടെ പഠനമുറിയിലെ അഭാവം പുതുതലമുറയ്ക്ക് വലിയ നഷ്ടമാണെന്ന് ആശംസകൾ അർപ്പിച്ചവർ ചൂണ്ടിക്കാട്ടി. വിവിധ കലാപരിപാടികളും നടന്നു.