അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ യുഡിഎഫിന്റെ തീവെട്ടിക്കൊള്ളയെന്ന് സിപിഎം
1489248
Sunday, December 22, 2024 7:33 AM IST
കേളകം: അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ യുഡിഎഫ് ഭരണ സമിതിയുടെ നേതൃത്വത്തിൽ തീവെട്ടിക്കൊള്ളയാണ് നടത്തിയതെന്ന് സിപിഎം അടയ്ക്കാത്തോട് ലോക്കൽ സെക്രട്ടറി എ.എ സണ്ണി, പേരാവൂർ ഏരിയ കമ്മിറ്റി അംഗം ജോർജ്കുട്ടി കുപ്പക്കാട്ട്, അടയ്ക്കാത്തോട് ലോക്കൽ കമ്മിറ്റിയംഗം ടോമി പുളിക്കക്കണ്ടം എന്നിവർ ആരോപിച്ചു. 2022 -23, 2023 -24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് അടയ്ക്കാത്തോട് ക്ഷീരസംഘത്തിലെ അഴിമതി പുറത്തുവന്നതെന്ന് കേളകത്ത് നടത്തിയ പത്രസമ്മേളനത്തിൽ മൂവരും പറഞ്ഞു.
കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ക്ഷീരസംഘം സെക്രട്ടറിയും ഒരാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം. 28 ലക്ഷത്തിന്റെ കാലത്തീറ്റ കുംഭ കോണം നടത്തി. വ്യാജ രസീത് ബുക്കും വൗച്ചറുകളുമുണ്ടാക്കി സെക്രട്ടറി യുടെ സ്വന്തം കൈപ്പടയിൽ തന്നെ വ്യാജരേഖ ചമച്ച് കാൽ കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തി. നിരവധി കമ്പനികൾക്ക് കാലിത്തീറ്റ വാങ്ങിയെന്ന പേരിൽ മുൻകൂറായി പണം അയച്ചതായി കാണിച്ച് ആ തുകയും സെക്രട്ടറി തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
അഴിമതിയും കൊള്ളയും നടത്തിയ സെക്രട്ടറിയെ ഇപ്പോഴും സംരക്ഷിക്കുന്ന നിലവിലെ ഭരണസമിതിയും കുറ്റകരമായ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. അഴിമതി നടത്തിയ മുമ്പത്തെ ഭരണസമിതിയെപ്പറ്റി വിശദമായി അന്വേഷണം നടത്തണമെന്നും നിലവിലുള്ള ഭരണ സമിതിയെയും സെക്രട്ടറിയെയും പിരിച്ചുവിടണമെന്നും കുറ്റവാളികളെ കണ്ടെത്തി അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.