വിമാനത്താവളം സ്ഥലമേറ്റെടുക്കൽ: നാലിന് കളക്ടറേറ്റ് മാർച്ച്
1489245
Sunday, December 22, 2024 7:33 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമ കർമസമിതിയുടെ നേതൃത്വത്തിൽ ജനുവരി നാലിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. മട്ടന്നൂരിൽ തുടർസമരങ്ങൾ സംഘടിപ്പിക്കാനും കോളിപ്പാലത്ത് ചേർന്ന ഭൂവുടമ കർമസമിതി യോഗം തീരുമാനിച്ചു.
റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനായി കാനാട്, കോളിപ്പാലം ഭാഗത്ത് 245 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. വിഞ്ജാപനം പുറപ്പെടുവിച്ച് പത്തു വർഷമാകാറായിട്ടും ഭൂമി ഏറ്റെടുത്തിട്ടില്ല. സ്ഥലം കൈമാറ്റം ചെയ്യാനോ നിർമാണ പ്രവൃത്തികൾ നടത്താനോ കഴിയാതെ ദുരിതത്തിലാണ് ഭൂവുടമകൾ.
സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട സ്ഥലത്ത് വസ്തു വകകളുടെ മൂല്യനിർണയവും നടത്തി. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിന് വേണ്ട സ്ഥലവും കണ്ടെത്തി. എന്നാൽ, കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല.
റൺവേ വികസനത്തിന് 942.93 കോടി രൂപയാണ് വേണ്ടി വരികയെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. 162 കുടുംബങ്ങളെയാണ് മേഖലയിൽ നിന്ന് പുനരധിവസിപ്പിക്കേണ്ടത്. കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 14.65 ഹെക്ടർ സ്ഥലമാണ് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിനായി കണ്ടെത്തിയത്. ഈ സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി ആയതാണ്. കോളി പാലത്ത് ചേർന്ന യോഗത്തിൽ കർമസമിതി ചെയർമാൻ കെ.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.സി. വിനോദൻ, പി.കെ. ചന്ദ്രൻ, ടി. രമേഷ് എന്നിവർ പ്രസംഗിച്ചു.