ബാങ്കുകളുടെ ജപ്തി നടപടി: കർഷകരുടെ ജിവിതം അനിശ്ചിതത്വത്തിൽ
1489236
Sunday, December 22, 2024 7:33 AM IST
ആലക്കോട്: കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ മലയോരത്ത് ജപ്തി നടപടികളുമായി ബാങ്കുകൾ രംഗത്തുവന്നത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. മലയോരത്തെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമാണ് വായ്പ കുടിശികയുടെ പേരിൽ ജപ്തി-ലേല നടപടികൾ ആരംഭിച്ചിരിക്കുന്നത്.
കുടിശികക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കുമെന്ന് കാട്ടി ബാങ്കുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കർഷകർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. വായ്പയ്ക്ക് ഈടായി പണയപ്പെടുത്തിയ ഭൂമി പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
മലയോര മേഖലകളിലെ നൂറുകണക്കിന് കർഷകരാണ് ജപ്തി ഭീഷണി നേരിടുന്നത്. റബർ അടക്കമുള്ള കാർഷിക വിളകളുടെ വിലയിടിവ്, വന്യമൃഗശല്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട് പിടിച്ചുനിൽക്കാനാകാതെ കർഷകർ തകർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വായ്പ കുടിശികയുടെ പേരിൽ ബാങ്കുകൾ ജപ്തി നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനും ജപ്തി ലേല നടപടികൾ നിർത്തിവെപ്പിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് കർഷകർ.