കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഡാറ്റ മഹാരാഷ്ട്ര കന്പനിക്ക് നൽകിയത് ചട്ടവിരുദ്ധം: സെനറ്റേഴ്സ് ഫോറം
1489252
Sunday, December 22, 2024 7:34 AM IST
കണ്ണൂർ: സർവകലാശാല സ്വയംഭരണ അധികാരം ഇല്ലാതാക്കി ധാരണാപത്രമില്ലാതെ മഹാരാഷ്ട്ര കമ്പനിക്കുവേണ്ടി കണ്ണൂർ സർവകലാശാല ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കാലുള്ള നിർദേശപ്രകാരം വിദ്യാർഥികളുടെ ഡാറ്റാ കൈമാറിയത് ഗൗരവതരവും ചട്ടവിരുദ്ധവുമെന്ന് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം.
മറ്റ് സർവകലാശാലകൾ വിദ്യാർഥികളുടെ ഡാറ്റ നൽകാതെ മാറിനിൽക്കുമ്പോൾ കണ്ണൂർ സർവകലാശാല മാത്രം അക്കാഡമിക് താത്പര്യം ബലി കൊടുത്തത് വിദ്യാർഥികളോടുള്ള വഞ്ചനയാണ്. ഇക്കാര്യത്തിൽ വൈസ് ചാൻസലർ കൂട്ടുനിന്നത് ചട്ടവിരുദ്ധവും അധാർമികവും ദൗർഭാഗ്യകവുമാണെന്ന് സെനറ്റേഴ്സ് ഫോറം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര കമ്പനിയായ എംകെസിഎല്ലുമായുള്ള ഇടപാടുകൾ കേരളത്തിലെ സർവകലാശാലകൾ നടത്തണമെന്നുള്ള മന്ത്രിയുടെ നിർദേശത്തിൽ നിഗൂഢതകളുണ്ട്. വിദ്യാർഥികളെ സർവകലാശാലയിൽനിന്ന് അകറ്റിനിർത്താൻ വിദേശ സർവകലാശാലകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ചില ഏജൻസികളുടെ ഇടപെടൽ പ്രസ്തുത വിഷയത്തിൽ ഉണ്ടോ എന്നും സംശയമുണ്ട്. ഇടതുപക്ഷ അധികാര കേന്ദ്രങ്ങളുടെ നുണപ്രചരണങ്ങൾക്ക് വൈസ് ചാൻസലർ കൂട്ടുനിന്നാൽ അതിശക്തമായ പ്രതിരോധം തീർക്കുമെന്ന് സെനെറ്റേഴ്സ് ഫോറം യോഗം അറിയിച്ചു.
ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. എം.ജെ മാത്യു, ഡോ.കെ.ഗംഗാധരൻ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അഡ്വ. വിനോദ്, ഡോ. പി.പ്രജിത, മുഹമ്മദ് സാലി, കെ.പി. ദിനേശൻ, സഹീദ് കായിക്കാരൻ, മുഹമ്മദ് അഷ്ഫാസ്, സജി ജെയിംസ് കണ്ണന്താനം, കൊച്ചുറാണി അഗസ്റ്റിൻ, ബിജു ഉമ്മർ, അഷിത് അശോകൻ, ടി.കെ. മുഹമ്മദ് ഹസീബ്, സൂര്യ അലക്സ്, ടി.പി.ഫർഹാന , പി. ഹർഷ എന്നിവർ പ്രസംഗിച്ചു.