പരിക്കളത്തെ ബോംബ് കേസ്: പോലീസ് തെരച്ചിൽ നടത്തി
1489253
Sunday, December 22, 2024 7:34 AM IST
ഉളിക്കൽ: സിപിഎം പ്രവർത്തകൻ ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിന്റെ വീട്ടിൽ നിന്ന് ഐസ്ക്രീം ബോംബുകൾ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ ഇന്നലെയും പോലീസ് പരിശോധന നടത്തി. വീടിന്റെ പരിസര പ്രദേശങ്ങളിൽ ഉളിക്കൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഒ.ടി. അരുൺദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൂടുതൽ ബോംബുകളോ സ്ഫോടക വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല.
അതേസമയം, പാർട്ടി പ്രവർത്തകന്റെ വീട്ടിലുണ്ടായ സ്ഫോടനം, ബോംബുകൾ പിടികൂടിയ സംഭവം എന്നിവയെക്കുറിച്ച് സിപിഎം നേതൃത്വം ഒന്നും പ്രതികരിച്ചില്ല. സംഭവത്തിൽ കോൺഗ്രസും ബിജെപിയും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഉളിക്കലിൽ നിലവിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഒന്നുമില്ലെങ്കിലും ബോംബ് നിർമാണവും സ്ഫോടന പരീക്ഷണവും നടക്കുന്നതായാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായും സൂചനയുണ്ട്.
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോംബ് നിർമാണത്തിൽ പരിശീലനം ലഭിച്ച എതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ഉണ്ടോ എന്ന കാര്യവും ഇവിടെ നിന്ന് ബോംബ് നിർമിച്ച് മറ്റിടങ്ങളിലെത്തിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തുന്പില്ലാതെ ബോംബ് സ്ഫോടനങ്ങൾ
ഉളിക്കൽ: ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതിനു മുന്പുണ്ടായ സ്ഫോടന കേസുകളിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. 2015ൽ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് സിപിഎമ്മിന്റെ ഉളിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബാക്രമണം, അതേവർഷം തന്നെ വയത്തുർ അന്പലത്തിന് സമീപം എം.ജി. ഷൺമുഖന്റെ വീടിന് സമീപം ബോംബ് എറിഞ്ഞത്, 2022ൽ വയത്തുരിലെ കാവ്യാ കുഞ്ഞുമോന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണം എന്നീ കേസുകളിലെ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല.