കരുവഞ്ചാൽ പാലം താത്കാലികമായി തുറന്നു കൊടുത്തു
1489242
Sunday, December 22, 2024 7:33 AM IST
ആലക്കോട്: നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കരുവഞ്ചാൽ പാലം ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഗതാഗതത്തിനു തുറന്നു കൊടുത്തു. അപ്രോച്ച് റോഡിന്റെ കോൺക്രീറ്റ് ഭിത്തി നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്നലെ മുതൽ താത്കാലികമായി തുറന്നു കൊടുക്കാൻ തീരുമാനം എടുത്തത്. നിലവിലുള്ള പാലത്തിലെ ഗതാഗതകുരുക്കു കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്.
ക്രിസ്മസ്, പുതുവത്സരം, തിരുനാളുകൾ, ഉത്സവങ്ങൾ തുടങ്ങിയവയുടെ സാഹചര്യത്തിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതകുരുക്കിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വൺവേ സംവിധാനമാണ് പുതിയ പാലത്തിലുണ്ടാവുക. തിരക്കുകൾ കഴിഞ്ഞതിനുശേഷം പുതിയപാലം അടച്ച് ബാക്കി പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാലം പണി നീണ്ടുപോയത് വ്യാപക പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു.