വനം നിയമഭേദഗതി പിൻവലിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
1489235
Sunday, December 22, 2024 7:33 AM IST
പയ്യാവൂർ: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അവകാശങ്ങളും ഡി.കെ. ബസു Vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്ന കേസിന്റെ വിധിന്യായത്തിൽ സുപ്രീം കോടതി അറസ്റ്റ് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും പൂർണമായി ലംഘിച്ചും പൗരാവകാശം നിഷേധിച്ചും പോലീസിനേക്കാൾ കൂടുതൽ അധികാരങ്ങൾ ഫോറസ്റ്റ് ജീവനക്കാർക്ക് നൽകി സംസ്ഥാന വനം വകുപ്പ് തയാറാക്കിയ 1961ലെ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ആവശ്യപ്പെട്ടു.
കാട്ടാള വനംഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സംസ്ഥാനതല പ്രക്ഷോഭം മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർകെഎംഎസ് സംസ്ഥാന കൺവീനർ പി.ജെ. ജോൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ ബേബി നെട്ടനാനി, കൺവീനർമാരായ സണ്ണി തുണ്ടത്തിൽ, എ.സി.തോമസ്, എഫ്ആർഎഫ് സംസ്ഥാന കൺവീനർ എ.എൻ. മുകുന്ദൻ, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, സ്വപ്ന ആന്റണി, ടോമി തോമസ്, വർഗീസ് പള്ളിച്ചിറ, ഗർവാസീസ് കല്ലുവയൽ, വിദ്യാധരൻ വൈദ്യർ, രാധാക്യഷ്ണൻ, വർഗീസ് വൈദ്യർ, കെ.വി.ജോയി എന്നിവർ പ്രസംഗിച്ചു.