ചന്ദനക്കാംപാറയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
1489239
Sunday, December 22, 2024 7:33 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറയിൽ കാട്ടാന ഇറങ്ങിയത് തദ്ദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ പുലർച്ചെയാണ് തൂക്കുവേലി നശിപ്പിച്ച ഭാഗത്തുകൂടി നാലുകാട്ടാനകൾ പയ്യാവൂർ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഭാഗത്ത് എത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. രാത്രി ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
കാട്ടാനകൾ തൂക്കു വേലിക്ക് ഉള്ളിൽ തന്നെ ഉള്ളതായി സംശയം ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ദ്രുതകർമ സേനയുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ആദ്യവാരം പാടാംകവലയിലും കാഞ്ഞിരക്കൊല്ലി ഏലപ്പാറ ഭാഗത്തും കാട്ടാനകൾ ഇറങ്ങിയിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്.
പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിൽ 80 ലക്ഷം മുടക്കി പണിത സൗരോർജ തൂക്കുവേലി ഉദ്ഘാടനത്തിനു ശേഷം പല ഘട്ടങ്ങളിലായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തൂക്കുവേലി നശിപ്പിച്ച് ചില സാമൂഹ്യ വിരുദ്ധർ കാട്ടാനകളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പറയുന്നു.
ഡിഎഫ്ഒ പി. വൈശാഖി മൂന്നു ദിവസത്തിനകം കാട്ടാനകളെ ദ്രുതകർമസേനയുടെ സഹായത്തോടെ കർണാടക വനത്തിലേക്ക് കയറ്റി വിടുമെന്ന് ഉറപ്പു നല്കിയതായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ദീപികയോട് പറഞ്ഞു. കാട്ടാനകളെയും കർണാടക വനത്തിലേക്ക് കയറ്റിവിടാൻ പഞ്ചായത്ത് എല്ലാ സൗകര്യ ങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.