കിടാരി പാർക്ക് ഉദ്ഘാടനം ചെയ്തു
1489244
Sunday, December 22, 2024 7:33 AM IST
കൂത്തുപറമ്പ്: മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരം കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച കിടാരി പാർക്ക് മൂര്യാട് നൂഞ്ഞുമ്പായിൽ കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 50 കിടാരികളാണ് ഫാമിലുള്ളത്. സർക്കാർ സ്കീമിൽ ക്ഷീരകർഷകർക്ക് കിടാരികളെ നൽകുന്ന പദ്ധതിയാണിത്. കിടാരി പാർക്ക് ജില്ലയിലെ ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇതിലൂടെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും കർഷകർക്ക് മോചനം നേടാൻ കഴിയുമെന്നും കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു.
പദ്ധതിയിലൂടെ മിതമായ വിലയിൽ നല്ലയിനം പശുക്കളെ ജില്ലയിൽ എത്തിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്ത കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടർ ഒ. സജിനി, കുടുബശ്രീ മിഷൻ ജില്ല കോ-ഓഡിനേറ്റർ എം.വി. ജയൻ, റെയ്ഡ്കോ മുൻ ചെയർമാൻ വൽസൻ പനോളി, കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ സിദ്ധാർഥ് വിജയ്, പി.പി. സതീഷ് കുമാർ, കെ.പി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.