"ശ്രീലയം 2024'ൽ ജനശ്രദ്ധയാകർഷിച്ച് കോട്ടൂർ ഐടിഐ വിദ്യാർഥികളുടെ ഫോട്ടോ പോയിന്റും സീസോയും
1489241
Sunday, December 22, 2024 7:33 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപാലിറ്റി സംഘടിപ്പിക്കുന്ന ശ്രീലയം 2024ന്റെ ഭാഗമായി കോട്ടൂർ പ്രൈവറ്റ് ഐടിഐ വിദ്യാർഥികൾ പാഴ്വസ്തുക്കളുപയോഗിച്ച് നിർമിച്ചു നൽകിയ ഫോട്ടോ പോയിന്റും സീസോയും ശ്രദ്ധേയമാകുന്നു.
ശ്രീലയം പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഐടിഐ സന്ദർശിച്ച് സഹായം തേടിയപ്പോഴാണ് തങ്ങൾ വ്യത്യസ്തമായ ഒരു സംവിധാനം ഒരുക്കാമെന്ന് അധ്യാപകരും വിദ്യാർഥികളും ഉറപ്പു നൽകിയത്. ഐടിഐ വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ്മയിൽ ആക്രി വസ്തുക്കളിൽ നിന്ന് വ്യത്യസതവും കൗതുകകരവുമായ ഉത്പന്നങ്ങൾ നിർമിക്കുന്നതറിഞ്ഞതിനെ തുടർന്നായിരുന്നു മുനിസിപ്പൽ സംഘം ഐടിഐയിലെത്തി സഹായം അഭ്യർഥിച്ചത്.
എംഎംവി ട്രേഡിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കളുപയോഗിച്ചുള്ള നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുകയായിരുന്നു. പഴയ ജിഐ പൈപ്പുകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള സീസോയാണ് ആദ്യം നിർമിച്ചത്. ഇതിനു പിന്നാലെ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലെ വിദ്യാർഥികളും രംഗത്തെത്തി. ഉപയോഗ ശൂന്യമായ ടിവി ഉൾപ്പടെ ആക്രിയിൽ ഉൾപ്പെടുത്തി വില്പനയക്ക് മാറ്റി വച്ചവയിൽ നിന്നും ആവശ്യമായ വസ്തുക്കൾ തെരഞ്ഞുപിടിച്ച് ഒരു ഫോട്ടോ പോയിന്റ് എന്ന പദ്ധതിയാണ് വിദ്യാർഥികൾ പ്രാവർത്തികമാക്കിയത്.
നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേർന്നുള്ള പുഴയോരത്ത ടേക്ക് എ ബ്രേക്കിനു സമീപമാണ് ഇവ രണ്ടും സ്ഥാപിച്ചത്. ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ നിർവഹിച്ചു. ഐടിഐ ഡയറക്ടർ ഫാ. ജോഫിൻ തോമസ്, പ്രിൻസിപ്പൽ എം.ഡി. ജോസ് ഐടിഐ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പഴയ സാധനങ്ങൾ ഉപയോഗിച്ച് നിരവിധി ഉപയോഗയോഗ്യമായ ഇരിപ്പിടങ്ങളും ടീപ്പോയ് പോലുള്ളവയും അലങ്കാരവസ്തുക്കളും ഇതിനകം ഐടിഐ വിദ്യാർഥികൾ നിർമിച്ചിട്ടുണ്ട്. ഹെൽത്ത് സൂപ്രണ്ട്, ഹരിതകർമ സേന ശുചിത്വ മിഷൻ എന്നീ വിഭാഗങ്ങൾ ഐടിഐയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഹരിത കാന്പസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.