വനം ഭേദഗതി നിയമം കർഷകദ്രോഹം: മാർ ജോസഫ് പാംപ്ലാനി
1489254
Sunday, December 22, 2024 7:34 AM IST
ചെമ്പേരി: വനം ഭേദഗതി നിയമം കർഷകദ്രോഹമാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. 19-മത് പാസ്റ്ററൽ കൗൺസിലിന്റെ നാലാമത് യോഗം വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ളതല്ല നിലവിലെ വനം വകുപ്പിന്റെ പ്രവർത്തനം. ഇത് അംഗീകരിക്കില്ല. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ഉറപ്പുവരുത്തണം. ജനപ്രതിനിധികളുടെയും കർഷകരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചു വേണം പരിഷ്കാരങ്ങൾ വരുത്തേണ്ടതെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 സാമുദായിക ശാക്തീകരണ വർഷമായി ആർച്ച്ബിഷപ് പ്രഖ്യാപിച്ചു. സമുദായത്തെ ശക്തിപ്പെടുത്തുക എന്നതു ക്രൈസ്തവ കാഴ്ചപ്പാടിൽ എല്ലാവർക്കും തുല്യനീതി എന്നതാണ്. നമ്മുടെ സമുദായത്തിന് അർഹതപ്പെട്ടത് നമുക്കു ലഭിക്കണം. മറ്റു സമുദായങ്ങൾക്ക് അർഹതപ്പെട്ടത് അവർക്കും ലഭിക്കണം.
ക്രൈസ്തവ സമുദായം ഒരിക്കലും സ്വസമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചവരല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി മുന്പും പ്രവർത്തിച്ചിട്ടുണ്ടെന്നും അതു തുടരുക തന്നെ ചെയ്യുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
അതിരൂപതാ കേന്ദ്രത്തിൽ ഹെൽപ് ഡസ്ക് ആരംഭിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നസ്രത്ത് സന്യാസിനി സമൂഹം മദർ ജനറൽ സിസ്റ്റർ ജെസീന്ത, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്, സിസ്റ്റർ അനില മണ്ണൂർ എസ്എബിഎസ്, സിസ്റ്റർ ലിറ്റിൽ തെരേസ് സിഎംസി, സിസ്റ്റർ അഞ്ജലി എഫ്സിസി എന്നിവരെ ആദരിച്ചു.
പരിസ്ഥിതി ലോല - വന്യമൃഗ ആക്രമണം എന്നീ വിഷയങ്ങളിൽ സണ്ണി ജോസഫ് എം എൽഎയും കരിന്തളം - വയനാട് 400 കെവി ലൈൻ പ്രശ്നത്തിൽ കർമസമിതി ചെയർമാൻ ഫാ. പയസ് പടിഞ്ഞാറെമുറിയിലും വഖഫ് നിയമം സംബന്ധിച്ചു സ്റ്റാലിൻ ദേവനും ക്ലാസുകളെടുത്തു. ചർച്ചകൾക്ക് വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പിള്ളിൽ, സജീവ് ജോസഫ് എംഎൽഎ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
മാർ ലോറൻസ് മുക്കുഴിയെ അനുമോദിച്ചു
പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴിയെ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അനുമോദിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, സണ്ണി ജോസഫ് എംഎൽഎ, സിസ്റ്റർ ട്രീസ പാലയ്ക്കൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി.