വാറ്റ് കേന്ദ്രം കണ്ടെത്തി 630 ലിറ്റർ വാഷ് നശിപ്പിച്ചു
1489238
Sunday, December 22, 2024 7:33 AM IST
ശ്രീകണ്ഠപുരം: എക്സൈസ് റെയ്ഡിൽ വഞ്ചിയം-ചോലപ്പനം മലഞ്ചെരിവിലെ പുറമ്പോക്ക് ഭൂമിയിലെ താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന വാറ്റ് സങ്കേതം കണ്ടെത്തി നശിപ്പിച്ചു. 630 ലിറ്റർ വാഷ് ആണ് ഇവിടെനിന്ന് നശിപ്പിച്ചത്.
ക്രിസ്മസ്-ന്യൂയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പുറമ്പോക്ക് സ്ഥലത്തെ പാറകെട്ടുകൾക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട വാറ്റ് കേന്ദ്രം കണ്ടെത്തിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. മധു, അഖിൽ ജോസ്, കെ.വി. ഷാജി, ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പങ്കെടുത്തു.