ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിലെ തീപിടിത്തം; രണ്ടു കോടിയുടെ നഷ്ടം
1454239
Thursday, September 19, 2024 1:42 AM IST
പയ്യന്നൂർ: പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കോടി രൂപയുടെ നാശനഷ്ടം. തീയണക്കാൻ എട്ട് യൂണിറ്റ് അഗ്നിരക്ഷാസേനയ്ക്കു വേണ്ടിവന്നത് നാലര മണിക്കൂറാണ്. ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് ഷോപ്രിക്സിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടവരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. മുകൾ നിലയിലെ ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കുകയെന്നത് ദുഷ്കരമായതിനാൽ പെരിങ്ങോം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളെക്കൂടി വിളിച്ചു വരുത്തി.
സേനാ ബലമുണ്ടായിട്ടും അകത്തുകൂടി മുകൾ നിലയിലെ തീയണക്കാൻ എത്താനായില്ല. കഠിനമായ ചൂടും പുകയും രക്ഷാപ്രവർത്തനത്തിനു തടസമായി. ഒടുവിൽ റോഡരികിൽ നിന്നു മുകൾ നിലയിലേക്ക് ക്രെയിൻ ഏണിയിലൂടെ കയറി മുൻഭാഗത്തെ ഗ്ലാസ് തകർത്ത് അതിലൂടെ വെള്ളം ചീറ്റിച്ചാണു തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചത്. അതേസമയം മറ്റൊരു സംഘം അകത്തു കൂടിയും മുകളിലെത്തി തീയണക്കാനരംഭിച്ചിരുന്നു. കടുത്ത ചൂടിൽ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് പിറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതർ ഫീഡർ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
ജില്ലാ ഫയർ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ എട്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളാണ് സാഹസികമായ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പൂർണമായും തീയണയ്ക്കാൻ കഴിഞ്ഞത്. തീയണയ്ക്കുന്നതോടൊപ്പം തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും കൂടിയായപ്പോൾ രക്ഷാപ്രവർത്തനം സാഹസികമായി മാറുകയായിരുന്നു.
ഫ്രിഡ്ജുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ, മിക്സികൾ, തുടങ്ങിയ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ എന്നിവ സ്റ്റോക്ക് ചെയ്തിരുന്ന മൂന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഓണം സീസണായതിനാൽ മുകൾ നിലയിൽ കൂടുതൽ സ്റ്റോക്ക് കരുതിയിരുന്നു. തീപിടിത്തത്തിൽ മുകൾ നിലയിലുണ്ടായിരുന്ന എല്ലാ ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. മുകൾനിലയിലെ തീയണയ്ക്കാനായി ഉപയോഗിച്ച വെള്ളമിറങ്ങി താഴത്തെ നിലയിലും നാശനഷ്ടമുണ്ടായി. രണ്ടു കോടി രൂപയോളം നഷ്ടം സംഭവിച്ചതായുള്ള ഷോപ്രിക്സ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഷെരീഫ് മദനിയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. സ്ഥാപനം അടച്ച് അരമണിക്കൂറോളം കഴിഞ്ഞപ്പോഴായിരുന്നു തീപിടിത്തമെന്നും ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും പയ്യന്നൂർ ഫയർഫോഴ്സ് പറഞ്ഞു.
2020 മാർച്ച് 20 നും ഈ സ്ഥാപനത്തിന്റെ അടുക്കള, മെസ് എന്നിവ പ്രവർത്തിച്ചിരുന്ന ഏറ്റവും മുകൾ നിലയിൽ തീപിടിത്തമുണ്ടായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിലൂടെ അന്നുണ്ടായത്.