ഓൺലൈൻ ട്രേഡ് തട്ടിപ്പ് സംഘത്തിന് സംവിധാനമൊരുക്കിയ യുവാവ് പിടിയിൽ
1450640
Thursday, September 5, 2024 12:59 AM IST
പരിയാരം: ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ സംഘത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകിയ യുവാവ് പിടിയിൽ. ചന്തപ്പുര സ്വദേശി സന്തോഷ്കുമാറിന്റെ പരാതിയിൽ കാലടി കൂവപ്പടിയിലെ ജബ്ബാറിനെയാണ് (40) പരിയാരം സിഐ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സന്തോഷിൽനിന്നും 17,06,000 രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളിലൊരാളാണ് പിടിയിലായത്.
മേയ് അഞ്ച് മുതൽ ജൂൺ 14 വരെയുള്ള കാലയളവിലായി പണം തട്ടിയെടുത്തെന്നാണ് പരാതി. പ്രതി കാലടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പാസ് ബുക്ക്, ചെക്ക്, എടിഎം കാർഡ് എന്നിവയും തന്റെ പേരിലുള്ള സിം കാർഡും അന്പതിനായിരം രൂപയ്ക്ക് തട്ടിപ്പ് സംഘത്തിന് വിൽക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് സംഘത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയതായി സിഐ എം.പി. വിനീഷ്കുമാർ പറഞ്ഞു. എഎസ്ഐ സെയ്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, സിവിൽ പോലീസ് ഓഫീസർ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.