അൻവർ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍: പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം
Tuesday, March 25, 2025 1:21 AM IST
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിലുള്ള പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പോലീസിനു നേരിട്ട് കേസെടുക്കാനുള്ള വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കേസെടുക്കാനാകില്ലെന്നു കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലം സ്വദേശിയും പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന് നല്കിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് സെപ്റ്റംബര്‍ ഒന്നിന് മലപ്പുറത്തു നടത്തിയ പത്രസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന് മലപ്പുറം എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.