സ്പ്രിംഗ്ലര്‍ കമ്പനിക്കെതിരായ ആരോപണം: പൊതുതാത്പര്യ ഹര്‍ജികള്‍ ജൂണ്‍ ഒമ്പതിന് പരിഗണിക്കും
Wednesday, March 26, 2025 2:25 AM IST
കൊച്ചി: കോവിഡ് രോഗികളുടെ വിവരശേഖരണത്തിനായി സ്പ്രിംഗ്ലര്‍ കമ്പനിയെ ചുമതലപ്പെടുത്തിയതില്‍ അഴിമതിയാരോപിക്കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി ജൂണ്‍ ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
കേസില്‍ 2020 ഏപ്രില്‍ 24ലെ ഇടക്കാല ഉത്തരവിനുശേഷം എന്തു സംഭവിച്ചുവെന്ന് അറിയിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സ്പ്രിംഗ്ലര്‍ കമ്പനിയും മറുപടി സമര്‍പ്പിക്കണം. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം നല്കിയ ഒരുകൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കോവിഡിന്റെ മറവില്‍ സ്പ്രിംഗ്ലര്‍ കമ്പനി വ്യാപകമായി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നും ടെന്‍ഡര്‍ വിളിക്കാതെയുള്ള കരാറില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് ഹര്‍ജികളില്‍ ആരോപിക്കുന്നത്.