ലഹരിക്കേസിൽ ചോദ്യം ചെയ്തു: ലഭിച്ചത് 285 ഗ്രാം എംഡിഎംഎ
Wednesday, March 26, 2025 2:25 AM IST
കൽപ്പറ്റ: തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് 285 ഗ്രാം എംഡിഎംഎ.
19ന് നടത്തിയ വാഹന പരിശോധനയിൽ 6.987 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്.
കാസർഗോഡ് ചെങ്കള ചെർക്കളം ബംബ്രാണി വീട്ടിൽ കെ.എം. ജാബിർ (33), കാസർഗോഡ് മൂളിയാർ നുസ്രത് നഗർ വിടിസി മൂലഅടക്കം മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കെതിരേ എൻഡിപിഎ പ്രകാരം കേസെടുക്കുകയും ഇവർ സഞ്ചരിച്ച കെഎൽ 01 സിവൈ 6215 കിയ കാരൻസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോൾ കൂടുതൽ എംഡിഎംഎ ഉണ്ടെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് വാഹനം വീണ്ടും പരിശോധിച്ചപ്പോഴാണ് 285 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്.