വന്നു കാണുക...
Tuesday, March 25, 2025 3:11 AM IST
ജോസഫ് അന്നംകുട്ടി ജോസ്
നോമ്പ് ചിലതൊക്കെ ഉപേക്ഷിക്കാനുള്ള സമയമായാണ് നമ്മൾ പൊതുവേ കാണുന്നത്. കുട്ടിക്കാലത്ത് ക്രിസ്മസ് നോമ്പു സമയത്തു സിസ്റ്റർ പറഞ്ഞുതന്നത് ഒന്നിനെയും ഉപേക്ഷിക്കാനല്ല, പുതിയതായി എന്തെങ്കിലും ചെയ്യാനായിരുന്നു.
എല്ലാ ദിവസവും പള്ളിയിൽ പോകുന്നതുവഴി ഈശോയ്ക്ക് ഒരു തൊട്ടിൽ, വീട് മുഴുവൻ വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്നതുകൊണ്ട് ഉണ്ണീശോയ്ക്ക് നല്ല ഉടുപ്പ്, കൂട്ടുകാരെ സഹായിച്ചുകൊണ്ട് ഉണ്ണിക്ക് നല്ലൊരു മാല! ഹോ, എത്ര അർഥവത്തായ നോമ്പായിരുന്നു അതൊക്കെ.
ചിരിക്കുന്ന ക്രിസ്തു
ആ ഓർമയിൽനിന്നുകൊണ്ട് ഈ നോമ്പുകാലത്ത് എല്ലാ വായനക്കാരോടും ഒരു വെബ്സീരിസ് കാണാൻ ഞാൻ ആവശ്യപ്പെടുകയാണ്. CHOSEN എന്നാണ് അതിന്റെ പേര്. യേശുവിന്റെ ജീവിതത്തെ ഇത്രയും റിലേറ്റബിൾ ആയി കാണിച്ചിട്ടുള്ള മറ്റൊരു സിനിമയില്ലെന്ന് എനിക്കു തോന്നുന്നു.
ക്രിസ്തുമതം സങ്കടങ്ങളെ ഗ്ലോറിഫൈ ചെയ്തു സങ്കടങ്ങളിൽ മാത്രം ഒതുങ്ങിപ്പോയോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ എത്ര പള്ളികളിൽ ചിരിക്കുന്ന ക്രിസ്തുവിന്റെ മുഖമുണ്ട് ? ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഏതാണ്ട് 70 ശതമാനവും അങ്ങേയറ്റം Melancholic (വിഷാദഭാവം) ആണ്. CHOSEN എന്ന വെബ്സീരിസിൽ നമ്മൾ കാണുന്ന ഈശോ നമ്മുടെ അയൽപക്കത്തുള്ള ചെറുപ്പക്കാരനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാളാണ്.
അമ്മ മറിയത്തെ കെട്ടിപ്പിടിച്ച് ഉയർത്തി ഉമ്മ വയ്ക്കുന്ന ഈശോയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ശിഷ്യന്മാരെ ട്രോളുന്ന ഈശോയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മലയിലെ പ്രസംഗത്തിന് മുൻപ് അത് എഴുതി തയാറെടുക്കുന്ന ഇശോയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ? ദൂരയാത്ര കഴിഞ്ഞുവരുന്ന മകന്റെ നീണ്ട മുടിയിൽ പിടിച്ചിട്ട് "ആദ്യം നിന്റെ മുടി കഴുകിയിട്ടേ ഭക്ഷണം ഉള്ളൂ' എന്നു പറയുന്ന അമ്മ മറിയത്തിന് എന്റെ അമ്മയുടെ ഛായ ഉള്ള പോലെ എനിക്കു തോന്നി, ക്രിസ്തുവിന് എന്റെയും.
നമ്മളെപ്പോലെ
അവൻ എല്ലാ അർഥത്തിലും നമ്മളെപ്പോലെ ആയിരുന്നെന്നും അതേസമയം അവൻ ദൈവമായിരുന്നെന്നും അടിവരയിട്ട് പറയുന്ന ഒരു അസാധ്യ ചിത്രീകരണമാണ് CHOSEN വെബ്സീരിസിൽ ഉള്ളത്. ലക്ഷക്കണക്കിനു മനുഷ്യരാണ് CHOSEN കണ്ട് ക്രിസ്തുവുമായി സ്നേഹത്തിലാകുന്നത്. കൈയിൽ പൈസയില്ലാത്തതുകൊണ്ട് ജനങ്ങളിൽനിന്നു പിരിച്ച പൈസകൊണ്ടാണ് ആദ്യ മൂന്ന് എപ്പിസോഡുകൾ ഷൂട്ട് ചെയ്തത്.
കൊറോണ സമയത്തു മനുഷ്യർ വലയുന്നതു കണ്ട്, അവർക്ക് ആശ്വാസമാകട്ടെ എന്നു കരുതി ഫ്രീയായിട്ടാണ് അവർ CHOSEN ആപ്പ് വഴി ആ എപ്പിസോഡുകൾ ലോഞ്ച് ചെയ്തത്. ഇന്ന് നാലു സീസണുകൾ കഴിയുമ്പോൾ CHOSEN ഒരു സ്നേഹവിപ്ലവമായി ലോകമെമ്പാടും അലയടിക്കുകയാണ്. മലയാളം സബ്ടൈറ്റിൽ ഇതിന് ലഭ്യമാണ്. ഈ നോമ്പുകാലത്ത് CHOSEN ഒരു ക്ഷണമാണ്. യോഹന്നാൻ 1:39 "വന്നു കാണുക'.