പൊതുസ്ഥലങ്ങളിലെ ബോർഡുകൾ; ഹൈക്കോടതി വിധി മറികടക്കാൻ നിയമനിർമാണത്തിനു സർക്കാർ
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, ഫ്ളക്സുകൾ എന്നിവ വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമാണത്തിനു സർക്കാർ.
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ വരുന്ന സ്ഥലങ്ങളിൽ അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യബോർഡുകൾ സ്ഥാപിക്കാം. മിതമായ നിരക്കിൽ ഫീസ് ഈടാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താം.
അനുവദനീയമായ പരസ്യപ്രചാരണ യോഗങ്ങൾ നിർദിഷ്ട ഫീസ് ഈടാക്കി നടപ്പാക്കുന്നതിനു നിയമ, ചട്ട ഭേദഗതി കൊണ്ടുവരും. നിയമനിർമാണം സംബന്ധിച്ച കരട് നിർദേശം തയാറാക്കി സർക്കാരിനു സമർപ്പിക്കാൻ തദ്ദേശ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അന്തഃസത്ത ഉൾക്കൊണ്ടും ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയില്ലാതെയുമാകും ഇതു തയാറാക്കുക.
ബോർഡുകളും ബാനറുകളും നിയമവിധേയമാക്കാനുള്ള ഭേദഗതിയാണ് വരുന്നത്. പൊതുസ്ഥലങ്ങളിൽ മാർഗതടസമുണ്ടാക്കുന്ന ബാനറുകളും ബോർഡുകളും നീക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ നടപടി സ്വീകരിച്ചെന്നും ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.