നിയമന നിരോധനത്തിൽ വ്യാപക പ്രതിഷേധം
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകളിൽ അടക്കം നിയമന നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം. സർവീസ് സംഘടനകളും രാഷ്ട്രീയ യുവജന സംഘടനകളും സംസ്ഥാന സർക്കാർ നടപടിക്കെതിരേ രംഗത്ത് എത്തി.
സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ അടക്കം പിഎസ്സി നിയമനം റദ്ദാക്കുകയും പകരം കരാർ നിയമനം ആവശ്യമെങ്കിൽ നടത്താൻ നിശ്ചയിച്ചു ധനവകുപ്പു സർക്കുലർ പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസം ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു.
പിഎസ്സി നിയമന നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. 60,000 തസ്തികകൾ ഇല്ലാതാക്കി അഭ്യസ്തവിദ്യരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നു ചവറ ജയകുമാർ പറഞ്ഞു.
ധന ദൃഢീകരണ ഉത്തരവിലൂടെ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമന നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഇന്നു പ്രതീകാത്മക വിലാപയാത്ര നടത്തുമെന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്.ഇർഷാദ് അറിയിച്ചു.
സർക്കാർ സർവീസിലെ ഒഴിവുകൾ ഇനി മുതൽ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന നിർദേശം തൊഴിൽ രഹിതരായ യുവാക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
പകരം കരാർ നിയമനത്തിന് അനുമതി നൽകിയത് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു ഓഫീസുകളിലും വൻതോതിലുള്ള പാർട്ടി പിൻവാതിൽ നിയമനങ്ങൾക്ക് വഴിതെളിയ്ക്കും.
കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങളിൽ പണമടയ്ക്കാനുള്ള പ്രത്യേക കൗണ്ടറുകൾ അവസാനിപ്പിക്കുന്നത് കാഷ്യർ, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ ആയിരകണക്കിന് തസ്തികകൾക്ക് അന്ത്യം കുറിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.
സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പിഎസ്സിക്കു റിപ്പോർട്ട് ചെയ്ത തസ്തികകൾ റദ്ദാക്കാനുള്ള ഉത്തരവ് നടപ്പാക്കരുതെന്നു ആർവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ഇ ഓഫിസ് സംവിധാനം ഏർപ്പെടുത്തിയ സർക്കാർ സ്ഥാപനങ്ങളിൽ ലാസ്റ്റ് ഗ്രേഡ് (ഓഫിസ് അറ്റൻഡന്റ്) സ്ഥിരം നിയമനം പാടില്ലെന്ന നിർദേശം ഫലത്തിൽ ലാസ്റ്റ്ഗ്രേഡ് നിയമനം എന്നന്നേയ്ക്കുമായി റദ്ദാക്കുന്നതിനു തുല്യമാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും സെക്രട്ടറി വിഷ്ണുമോഹനും അഭിപ്രായപ്പെട്ടു.