ജയിലിലും ജാതി ; അന്വേഷണത്തിന് നിർദേശം
Tuesday, March 25, 2025 3:11 AM IST
കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ ഡോക്ടര്‍, ഫാര്‍മസിസ്റ്റിനെ ജാതിപ്പേര് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതി ഡിവൈഎസ്പി അല്ലെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
അന്വേഷണറിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന് ചെയര്മാന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിര്‍ദേശം നല്കി.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. അന്വേഷണം നീതിയുക്തവും സുതാര്യവുമായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലാ ജയില്‍സൂപ്രണ്ട് പ്രത്യേകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അന്വേഷണ ഉദ്യോഗസ്ഥനും ജയില്‍ സൂപ്രണ്ട് നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനും ഏപ്രില്‍ 22ന് രാവിലെ പത്തിന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ടു ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ജില്ലാ ജയിലിലെ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തെന്നാണു റിപ്പോര്‍ട്ട്. ഡോക്ടറുടെ ശുചിമുറി കഴുകിപ്പിക്കാറുണ്ടെന്നും ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യിക്കാറുണ്ടെന്നും ഫാര്‍മസിസ്റ്റ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.