എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് അംഗീകാരം നല്കാന് ഉത്തരവ്
Wednesday, March 26, 2025 2:25 AM IST
കൊച്ചി: ഭിന്നശേഷിക്കാരുടെ മൂന്നു ശതമാനം സംവരണ സീറ്റുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കോഴിക്കോട്ടെ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നല്കാന് ഹൈക്കോടതി ഉത്തരവ്.
എന്‍എസ്എസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട കേസില്‍ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് സുപ്രീംകോടതി വിധിയുണ്ടാകുകയും ഇതനുസരിച്ച് എന്‍എസ്എസിനു മാത്രം ബാധകമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ നിയമനത്തിന് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി പുന്നശേരി കുട്ടമ്പൂര് എച്ച്എസ്എസ് എയ്ഡഡ് സ്കൂളിലെ അധ്യാപികയായ പി. ജാബിറ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
2023 ജൂണ്‍ ഒന്നിന് എച്ച്എസ്ടി (ഫിസിക്കല്‍ സയന്‍സ്) നിയമനം ലഭിച്ചെങ്കിലും ഭിന്നശേഷി സംവരണ ഒഴിവില്‍ നിയമനം നല്കാത്തതിനാല് ഹര്‍ജിക്കാരിയുടെ നിയമനത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഭിന്നശേഷി സംവരണ ഒഴിവിലേക്കു നിയമനത്തിന് കൂടിക്കാഴ്ചയടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിയമനത്തിന് ആളെ ലഭിച്ചില്ലെന്നു മാനേജ്മെന്റ് അറിയിച്ചു.
ഈ ഒഴിവ് നികത്തപ്പെടാതെ കിടക്കുകയാണെന്നും വ്യക്തമാക്കി. ഇക്കാര്യം 2025 ഫെബ്രുവരി 21ലെ കത്തിലൂടെ കോഴിക്കോട് സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായും വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹര്‍ജിക്കാരിക്കും ബാധകമാണെന്നു വിലയിരുത്തിയ കോടതി ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനാംഗീകാരം സംബന്ധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു നിര്‍ദേശം നല്കി.
നിയമോപദേശം തേടിയെന്ന് മന്ത്രി
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിലെ സുപ്രീംകോടതി വിധി അർഹരായ മുഴുവൻ മാനേജ്മെന്റുകൾക്കും ബാധകമാക്കുന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോട് (എജി) നിയമോപദേശം തേടിയിട്ടുണ്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ മന്ത്രിക്കു വേണ്ടി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2023 മാർച്ച് 13ന് ഭിന്നശേഷി സംവരണം ഒഴികെയുള്ള മറ്റു തസ്തികകളിൽ സ്ഥിര നിയമനം നടത്താൻ കോടതി നിർദേശിച്ചിരുന്നു.
എൻഎസ്എസിന്റെ കേസുകളിലുണ്ടായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു മാനേജ്മെന്റുകൾക്കും സ്ഥിരം നിയമനം നടത്താൻ കഴിയുമോ എന്ന കാര്യത്തിലാകും എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവു വന്നശേഷം സംസ്ഥാനത്ത് 16,000-ത്തോളം അധ്യാപകർക്ക് നിയമന അംഗീകാരം നൽകിയിട്ടില്ലെന്നും എൻഎസ്എസ് മാനേജ്മെന്റിനു കീഴിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം മാറ്റിവച്ചു നിയമന അംഗീകാരം നൽകാൻ എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായ തരത്തിൽ പൊതുവായ ഉത്തരവ് ഇറക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.