ജനമുന്നേറ്റ യാത്രയ്ക്കെതിരേ വനം മന്ത്രി നിയമസഭയിൽ
Wednesday, March 26, 2025 2:25 AM IST
കോതമംഗലം: പഴയ ആലുവ-മൂന്നാർ രാജപാതയിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലും ജനപ്രതിനിധികളും പാതയിലൂടെ നടത്തിയ ജനമുന്നേറ്റ യാത്രയ്ക്കെതിരേ വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വന്‍ ജനാവലിയോടൊപ്പം ഇവർ ബലമായി റിസര്‍വ് വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
യാത്രയുടെ പേരിൽ ബിഷപ്പിനും ജനപ്രതിനിധികൾക്കുമെതിരേ വനംവകുപ്പ് എടുത്തിട്ടുള്ള എല്ലാ നിയമനടപടികളും പിൻവലിക്കണമെന്ന ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജപാത എന്നതു നിബിഡവനവും വന്യജീവികളുടെ ആവാസമേഖലയുമാണ്. ഇപ്രകാരം ഒരു പാത നിലവിൽ വരുന്നത് പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കും. കഴിഞ്ഞ 16ന് ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ എന്നിവരടക്കമുള്ള ജനപ്രതിനിധികൾ റിസര്‍വ് വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന കുട്ടമ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള 30ഓളം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും, അനുവാദമില്ലാതെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്നും ഉദ്യമത്തില്‍നിന്നു പിന്മാറണമെന്നും ജനപ്രതിനിധികളോടും വൈദികരോടും മറ്റു സമരനേതാക്കളോടും അഭ്യർഥിച്ചതാണ്.
വനംവകുപ്പിന്റെ വാഹനത്തില്‍ സുരക്ഷിതമായി സന്ദര്‍ശനത്തിനു സൗകര്യം ഏര്‍പ്പെടുത്താമെന്നും അറിയിച്ചു. അത് അംഗീകരിക്കാതെ വന്‍ ജനാവലിയോടൊപ്പം ബലമായി റിസര്‍വ് വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും സമരത്തില്‍ പങ്കെടുത്ത ചിലർ ചേര്‍ന്നു വനാതിര്‍ത്തിയില്‍ വനസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ക്രോസ് ബാര്‍, ചെയിന്‍ ഗേറ്റ് എന്നിവ തകര്‍ക്കുകയും വനപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഫോറസ്റ്റ് വാഹനത്തിന്റെ കണ്ണാടിച്ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.
വനത്തിനുള്ളില്‍ അതിക്രമിച്ചുകയറിയതിന് കേരള വനനിയമം 1961 ലെ 27, 84 വകുപ്പുകള്‍ പ്രകാരം എംപി, എംഎല്‍എ എന്നിവരെയും മറ്റു ജനപ്രതിനിധികളെയും വൈദികരെയും സമരസമിതി നേതാക്കളെയും പ്രതി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് വനംവകുപ്പ് ചെയ്തിട്ടുള്ളത്.
വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്ത് നിയമവിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാനും കേസ് വിശദമായി പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
രാജപാത എന്ന പേരിൽ റോഡില്ലെന്ന് : വനം മന്ത്രി
രാജപാത എന്നപേരിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡ് മലയാറ്റൂര്‍ റിസര്‍വ് വനത്തിനുള്ളില്‍ നിലവിലില്ലെന്ന് വനം മന്ത്രി. കുട്ടമ്പുഴ റേഞ്ചിന്റെ രേഖകളിലോ 1895ലെ മലയാറ്റൂര്‍-ഇടിയറ റിസര്‍വ് നോട്ടിഫിക്കേഷനിലോ ഈ പ്രദേശത്തുകൂടി ഒരു റോഡ് ഉള്ളതായി പരാമര്‍ശമില്ല.
ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആലുവയില്‍നിന്നു മൂന്നാറിലേക്ക് നിലവില്‍ നേര്യമംഗലം, അടിമാലി വഴി ദേശീയപാതയുണ്ട്. കൂടാതെ കുറത്തിക്കുടി നിവാസികള്‍ക്ക് നിലവിൽ പെരിമ്പന്ക്കുത്ത് വഴി മാങ്കുളത്തേക്കും ആവറുകുട്ടി വഴി നേര്യമംഗലത്തേക്കും പോകാന്‍ അനുമതിയുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.