സർക്കാരിന്റെ പിആർ പൊളിക്കാൻ...
Wednesday, March 26, 2025 2:25 AM IST
സാബു ജോണ്
തിരുവനന്തപുരം: ഇടതു സർക്കാർ എല്ലാം പ്രചാരണത്തിനുപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. യാഥാർഥ്യം ഒന്നും പ്രചാരണം മറ്റൊന്നുമാണെന്നുപറഞ്ഞത് എ.പി. അനിൽകുമാർ ആണ്. പിന്നെ അതു പൊളിക്കേണ്ടതു തങ്ങളുടെ കടമയാണെന്ന് അനിൽകുമാർ തുറന്നുപറഞ്ഞു. അപ്പോൾ തങ്ങളുടെ പ്രചാരണം ഏൽക്കുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്.
രണ്ടു ട്രില്യൻ സന്പദ്ഘടന എന്ന് ഈയിടെയായി ധനമന്ത്രി പറഞ്ഞു നടക്കുന്നതു കേൾക്കുന്പോൾ കെ. ബാബുവിന് ഓർമ വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ട്രില്യൻ ഇക്കോണമി എന്ന പ്രചാരണ മുദ്രാവാക്യമാണ്. മോദിക്കു ശേഷം ട്രില്യൻ പ്രചാരണം നടത്തുന്നത് ബാലഗോപാലാണെന്ന് എ.പി. അനിൽകുമാറും പറഞ്ഞു. ബാലഗോപാൽ പറഞ്ഞ ലക്ഷ്യത്തിലേക്ക് എത്തില്ലെന്ന് അനിൽകുമാർ ഉറപ്പിക്കുന്നത് സർക്കാർ തന്നെ നൽകിയ ബജറ്റ് രേഖകൾ ഉദ്ധരിച്ചു കൊണ്ടാണ്. ധനമന്ത്രി പക്ഷേ നല്ല പ്രതീക്ഷയിലാണ്.
കിഫ്ബിയെ എതിർത്തശേഷം കിഫ്ബി ഫണ്ടിൽ നിർമിച്ച പ്രവൃത്തികളുടെ ഫ്ളക്സ് വച്ച് മണ്ഡലത്തിൽ പേരെടുക്കാൻ നോക്കുന്നു എന്നു പറഞ്ഞു ഭരണപക്ഷം പ്രകോപിപ്പിച്ചപ്പോൾ എൻ.എ. നെല്ലിക്കുന്നിനു നിയന്ത്രണം വിട്ടു. കിഫ്ബി ഫണ്ട് നിങ്ങളുടെ വീട്ടിൽനിന്നു കൊണ്ടുവന്നതല്ലല്ലോ എന്നായി നെല്ലിക്കുന്ന്. തമിഴ്നാട്ടിൽ സിഐടിയു ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുകയും കേരളത്തിൽ തങ്ങൾ പിന്തുണയ്ക്കുന്നതിനെ വിമർശിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം തുറന്നു കാട്ടാൻ കെ. ബാബു ശ്രമിച്ചപ്പോഴേക്കും ഭരണപക്ഷം അസ്വസ്ഥരായി.
വ്യവസായ അടിസ്ഥാനസൗകര്യ വികസന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുന്പോൾ കുണ്ടറയുടെ പ്രതിനിധിയായ പി.സി. വിഷ്ണുനാഥിനു പറയാനുള്ളത് കശുവണ്ടി വ്യവസായത്തെക്കുറിച്ചാണ്. കശുവണ്ടി വ്യവസായികളായിരുന്ന തങ്ങൾകുഞ്ഞു മുസലിയാർ സ്ഥാപിച്ച ടി.കെ.എം. എൻജിനിയറിംഗ് കോളജും അച്ചാണി രവി എന്ന രവീന്ദ്രനാഥൻ നായർ അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും സിനിമകൾക്കു പിന്തുണ കൊടുത്തതുമെല്ലാം വിസ്തരിച്ചത് കശുവണ്ടി മുതലാളിമാരുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാൻകൂടിയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് സർക്കാരിനു വലിയ രാഷ്ട്രീയനേട്ടം കൈവരിക്കാൻ സഹായിക്കുന്ന ഒരു കൈവിട്ട ഉപദേശം നൽകാനും വിഷ്ണുനാഥ് തയാറായി. 500 കോടി രൂപയുടെ സർക്കാർ ഗാരന്റി കൊടുക്കുക. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കാം. രണ്ടര ലക്ഷം പേർക്കു തൊഴിൽ കിട്ടും. ഭരിക്കുന്ന സർക്കാരിന് അതിന്റെ നേട്ടവും ലഭിക്കുമല്ലോ. ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് പക്ഷേ ആ ഉപദേശം ഉൾക്കൊള്ളാൻ തയാറായില്ല.
സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയ്ക്കിടയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെ സ്പീക്കർ എ.എൻ. ഷംസീർ കാര്യമായൊന്ന് ഉപദേശിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറേ ആൾക്കാരെ വിളിച്ചുവരുത്തി ലേലം വിളിക്കുകയായിരുന്നു എന്നു മന്ത്രി പറഞ്ഞപ്പോൾ പി.സി. വിഷ്ണുനാഥ് ക്രമപ്രശ്നവുമായി എഴുന്നേറ്റു.
ഉന്നതവിദ്യാഭ്യാസ കൗണ്സിൽ നടത്തിയ ഇന്റർനാഷണൽ സെമിനാറിനെക്കുറിച്ചാണ് മന്ത്രി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പരാമർശം രേഖയിൽനിന്നു നീക്കം ചെയ്യണമെന്ന ആവശ്യം സ്പീക്കർ അംഗീകരിച്ചു. ബില്ലിന്റെ ഈ ഘട്ടത്തിൽ ഇത്തരം അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നു മന്ത്രിയോടു സ്പീക്കർ നിർദേശിക്കുകയും ചെയ്തു.
സ്വകാര്യ സർവകലാശാല തുടങ്ങാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നീക്കം നടത്തിയപ്പോൾ ഇപ്പോഴത്തെ ഭരണപക്ഷം എതിർത്തു എന്നാണു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. അന്നതു തുടങ്ങിയിരുന്നെങ്കിൽ കേരളത്തിന് ഏറെ നേട്ടമുണ്ടാകുമായിരുന്നു എന്നും കേരളത്തിൽനിന്നു പുറത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കു തടയാൻ സാധിക്കുമായിരുന്നു എന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എങ്കിലും ബില്ലിനെ പിന്തുണയ്ക്കുന്ന സമീപനമാണു പ്രതിപക്ഷം കൈക്കൊണ്ടത്. എന്നാൽ, ബില്ല് ഇടതുപക്ഷത്തിന് ചേരുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ബിൽ പൂർണമായി പിൻവലിക്കണമെന്നു പറഞ്ഞ് കെ.കെ. രമ എതിർശബ്ദമുയർത്തി. സഭയിലെ ഏക എതിർശബ്ദവും രമയുടേതായിരുന്നു.
വോട്ടെടുപ്പിനു ശേഷം നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി രമ സംസാരിക്കുന്നതും കാണാമായിരുന്നു. രമ യുഡിഎഫിന്റെ ഭാഗമല്ലെന്നും അവർക്കു സ്വന്തം നിലപാട് കൈക്കൊള്ളാമെന്നു വാദിക്കാമെങ്കിലും രമയുടെ നിലപാട് യുഡിഎഫ് നേതൃത്വത്തിന് അത്രതന്നെ പിടിച്ചില്ലെന്നാണു മനസിലാക്കേണ്ടത്.
ഇന്നലെ തുടങ്ങിവച്ചു പാതിയിൽ നിർത്തിയ സ്വകാര്യ സർവകലാശാലാ ബില്ലും മറ്റ് അഞ്ചു ബില്ലുകളും പാസാക്കി സഭ പിരിഞ്ഞപ്പോൾ പുറത്ത് ഇരുൾവീണു തുടങ്ങിയിരുന്നു. ഇതോടെ നിയമസഭാ സമ്മേളനത്തിന് അവസാനവുമായി. വലിയ കോലാഹലമൊന്നുമില്ലാതെ കടന്നുപോയ സമ്മേളനം എന്നു പറയാം.