ലഹരി തടയാൻ മറ്റ് ഏജൻസികളുടെ സഹായം തേടും
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം : ഡാർക്ക്നെറ്റിലെ അജ്ഞാത മാർക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസിനു പുറമേ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലഹരിക്കേസുകളിൽ ആവർത്തിച്ച് ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൊബൈൽ ഫോണ്, അമിത ഇന്റർനെറ്റ് ഉപയോഗം മൂലം കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് അതതു ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ ആറു നഗരങ്ങളിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ (D-DAD) ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ,വൈകാരികവും , വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനും , കേരള പോലീസിന്റെ ചിരി ഹെൽപ് ലൈൻ (9497900200)24 X 7 പ്രവർത്തിച്ചു വരുന്നു.